Kerala NewsLatest News

എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം പുറത്ത്, നയതന്ത്ര കാര്‍ഗോ പരിശോധനയില്ലാതെ വിട്ടയച്ചത് കസ്റ്റംസ് കമ്മിഷണര്‍ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം

കൊച്ചി: കൊച്ചിയില്‍ കപ്പല്‍മാര്‍ഗമെത്തിയ നയതന്ത്ര കാര്‍ഗോ പരിശോധനയില്ലാതെ വിട്ടുകൊടുത്തത് കസ്റ്റംസ് കമ്മിഷണര്‍ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് മൊഴി. കസ്റ്റംസ് ഹൗസ് ഏജന്റാണ് ഇതുസംബന്ധിച്ച മൊഴി എന്‍ഫോഴ്സ്‌മെന്റിന് നല്‍കിയിരിക്കുന്നത്. വെല്ലിംഗ്‌ടണ്‍ ഐലന്റിലെ കമ്മിഷണര്‍ ഓഫീസിനെതിരെയാണ് മൊഴി. ശിവശങ്കറിന് എതിരായ ഇ ഡി കുറ്റപത്രത്തിലാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. കപ്പല്‍ മാര്‍ഗവും നയതന്ത്ര കളളക്കടത്ത് നടന്നുവെന്നാണ് ഇ ഡിയുടെ നിഗമനം.

2019 ഏപ്രില്‍ രണ്ടിനാണ് യു എ ഇയില്‍ നിന്നും കുപ്പിവെളളമെന്ന പേരില്‍ നയതന്ത്ര കാര്‍ഗോ എത്തിയത്. ചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഗോ തുറന്നുപരിശോധിക്കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഫയലിലെഴുതി. എന്നിട്ടും ഒരു പരിശോധനയും കൂടാതെ കാര്‍ഗോ വിട്ടയക്കുകയായിരുന്നു. കമ്മിഷണര്‍ ഓഫീസില്‍ നിന്ന് ഫോണ്‍ വിളിയെത്തിയതോടെയാണ് കാര്‍ഗോ വിട്ടയക്കാന്‍ തീരുമാനിച്ചത്.

ഒരു കാരണവശാലും കാര്‍ഗോ തുറക്കാന്‍ അനുവദിക്കരുതെന്നും കാര്‍‌ഗോ വിട്ടുകിട്ടാന്‍ മുതിര്‍ന്ന കസ്റ്റംസ് ഓഫീസറെ വിളിക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന ശിവശങ്കറിന് അയച്ച വാട്‌സാപ്പ് സന്ദേശം എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button