കോറോണയ്ക്കെതിരായ മരുന്ന് ഫലപ്രദം; തെളിവുമായി ബാബ രാംദേവിന്റെ പതഞ്‌ജലി, ഒപ്പം കേന്ദ്രമന്ത്രിമാരും

ന്യൂ ഡെൽഹി: പതഞ്ജലി പുറത്തിറക്കിയ കോറോണയ്ക്കെതിരായ മരുന്ന് ഫലപ്രദമാണ് എന്നതിന്റെ ശസ്ത്രീയ തെളിവുകൾ പുറത്തുവിട്ട് ബാബാ രാം ദേവ്. ‘കൊറോണിൽ’ എന്ന മരുന്ന് കഴിച്ച് രോഗം ഭേദമായെന്നാണ് പതഞ്ജലിയുടെയും ബാബാ രാം ദേവിന്റെയും അവകാശവാദം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ അടക്കം പങ്കെടുത്ത ചടങ്ങിലാണ് തെളിവ് പുറത്തുവിട്ടത്.
നേരത്തേ കൊറോണ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി പതഞ്ജലി എത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ആരോഗ്യ വിദഗ്ധർ രംഗത്തെത്തിയതോടെ കമ്പനിയോട് വിശദീകരണം തേടാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായി. അന്ന് മരുന്ന് കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണത്തിന്റെ വിശദാംശങ്ങൾ, മരുന്നിന്റെ പരീക്ഷണം നടത്തിയതിന്റെ രേഖകൾ എന്നിവയെല്ലാം സമർപ്പിക്കാൻ കമ്പനിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
രാം ദേവിന്റെ ‘പതഞ്ജലി ആയുർവേദ്’ എന്ന കമ്പനിയാണ് കോറോണയ്ക്കെതിരെ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി അന്നും രംഗത്തെത്തിയത്. രോഗം ഭേദപ്പെടുത്താനുള്ള മരുന്ന് തങ്ങളുടെ പക്കലുണ്ടെന്ന് കാണിച്ച് പരസ്യം നൽകുകയും ചെയ്തിരുന്നു. ‘കൊറോണിൽ’, ‘സ്വാസരി’ എന്നിങ്ങനെ രണ്ട് മരുന്നുകളുടെ പാക്കേജ് ആയി ‘ദിവ്യ കൊറോണ’ എന്ന പേരിലുള്ള കിറ്റ് വിപണിയിൽ എത്തിക്കാനായിരുന്നു തീരുമാനം.