ലൈഫ് മിഷനിലേക്കുള്ള അന്വേഷണം ഭയപ്പെടുന്നു, ഇഡിയോട് സഭാസമിതി വിശദീകരണം തേടുന്ന അപൂർവ നടപടിക്ക് പിന്നിലെന്ത്.

തിരുവനന്തപുരം/ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) യോട് വിശദീകരണം തേടാൻ നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ അപൂർവ തീരുമാനം. 7 ദിവസത്തിനകം വിശദീകരണം നൽകാനാ ണ് നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി നിർദേശം നാക്കിയിട്ടുള്ളത്. ഒരു കേന്ദ്ര ഏജൻസിയോടു സഭാസമിതി വിശദീകരണം തേടുന്നത് അപൂർവ നടപടിയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ ലൈഫ് മിഷൻ പദ്ധതിയിൽ അടിമുടി ഇടപെട്ടതായി തെളിവുകളുടെ അടിസ്ഥാനത്തിൽ, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പട്ടികയിൽ വരുന്ന വിവരങ്ങൾ അന്വേഷിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ചാണ് ശിവശങ്കറുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കുടുക്കുകൾ അഴിക്കാൻ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ഒരു ദേശീയ അന്വേഷണ ഏജൻസി ആയ ഇ ഡി ആവശ്യപ്പെടുന്നത്. നിലവിലുള്ള കീഴ്വഴക്കങ്ങളുടെയും, രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യൻ യൂണിയനിൽ പെട്ട സംസ്ഥാനങ്ങളിലെ സർക്കാർ പദ്ധതികളിൽ ഉണ്ടാകുന്ന സാമ്പത്തിക കുറ്റ കൃത്യങ്ങൾ അന്വേഷിക്കാൻ നിയുക്തമായ ദേശീയ അന്വേഷണ ഏജൻസിയെ മടിയിൽ കനമില്ലെങ്കിൽ പിന്നെന്തിനു ഭയപ്പെടണം എന്നതാണ് മനസ്സിലാകാത്തത്.
ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്നു കാട്ടി ജയിംസ് മാത്യു എംഎൽഎ സ്പീക്കർക്കു നൽകിയ പരാതി സ്പീക്കർ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്കു കൈമാറുകയും, ഇ ഡിയോട് ഫയലുകൾ ആവശ്യപ്പെട്ട കാര്യത്തിൽ വിശദീകരണം തേടുകയും ചെയ്തിരിക്കുന്നത് നടാടെയും, നാടകീയത നിറഞ്ഞ നടപടിയുമായി വേണം കരുതാൻ. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചാൽ അത് സംസ്ഥാന സർക്കാരിന് തിരിച്ചടി ഉണ്ടാകുമെന്നു മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ ചതുരംഗ കളിയാണ് അന്വേഷണത്തെ താൽക്കാലികമായെങ്കിലും തടയിടാനായി നടക്കുന്നത്.