കോഴിക്കോട് മിഠായിത്തെരുവിന് സമീപം തീപ്പിടിത്തം
കോഴിക്കോട് ; നഗരത്തിലെ ഏറ്റവും തിരക്കേറിയ മാര്‍ക്കറ്റായ മിഠായത്തെരുവില്‍ തീപ്പിടിത്തം. മിഠായിത്തെരുവിനോട് ചേര്‍ന്നുള്ള മൊയ്തീന്‍പള്ളി റോഡിലെ വി കെ എം ബില്‍ഡിംഗിലെ ഒരു ചെരുപ്പ്, ഫാന്‍സി കടയിലാണ് തീപ്പിടത്തമുണ്ടായത്. ഈ കടയിലുണ്ടായ ജീവനക്കാരികളെ ചുമട്ട് തൊഴിലാളികളും സമീപത്തെ കടകളിലുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തി. 500 ഓളം കടകള്‍ തിങ്ങി നിറഞ്ഞ പ്രദേശത്ത് ഉച്ചക്ക് 2.25ഓടെയാണ് തീപ്പിടത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി എട്ട് യൂണിറ്റ് അഗനിശമന വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. മിഠായിത്തെരുവിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങള്‍ ഇവിടേക്ക് പ്രവേശിക്കുന്നത് തടയാനാണ് ബാരിക്കേഡ് സ്ഥാപിച്ചത്.
തീപ്പിടത്തമുണ്ടായ കടയുടെ തൊട്ടട്ടുത്ത കടകളിലെ സാധനങ്ങളെല്ലാം അഗനിശമന വിഭാഗവും ചുമട്ട് തൊഴിലാളികളും എടുത്തുമാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീ നിയന്ത്രണ വിധേയമായതായി സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് പറഞ്ഞു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടക കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് അഗ്നിശമന ഉദ്യോഗസ്ഥാന്‍ പറഞ്ഞു.