Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

കോടിയേരി ബാലകൃഷ്ണന്‍റെ തീരുമാനം വൈകി വന്ന വിവേകമെന്നും, ആദ്യം രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നുവെന്നും രമേശ് ചെന്നിത്തല.

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണന്‍റെ തീരുമാനം വൈകി വന്ന വിവേകമെന്നും, ആദ്യം രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറി നേരത്തെ ചികിത്സയ്ക്ക് പോയപ്പോള്‍ സ്ഥാനം രാജിവെച്ചിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കാരണമാണെന്നും രാജി തീരുമാനം ആദ്യം എടുക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മകന്റെ പേരിലെ വിവാദങ്ങൾ ഏൽപ്പിച്ച പരിക്കിൽ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. കോടിയേരിയുടെ പാത പിൻതുടരുകയാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


ഇന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. പകരം താത്കാലിക
ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കും. ആരോഗ്യപരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം ഉണ്ടായത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ചികിത്സ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ അടുത്തെത്തിയ സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അതേസമയം, കോടിയേരി ബാലകൃഷണൻ സ്ഥാനം ഒഴിഞ്ഞത് മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ചൂണ്ട് പലകയെന്ന് കെ.പി.എ മജീദ് പറഞ്ഞു. ഇപ്പോൾ പാർട്ടിയും കോടിയേരിയെ കൈവിട്ടു. പിണറായി വിജയനെ മറികടന്നു കൊണ്ട് വിജയരാഘവനും ഒന്നും ചെയ്യാനാകുമെന്ന് കരുതുന്നില്ലെന്നും കെ പി എ മജീദ് മലപ്പുറത്ത് പറയുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button