പാര്‍ട്ടി തേച്ചുവോ?…കെവി തോമസ് കോണ്‍ഗ്രസ് വിടുന്നുവെന്ന് സൂചന
കൊച്ചി: കോണ്‍ഗ്രസ് മൊത്തത്തില്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്. ഗ്രൂപ്പ് പോര് മുറുകുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങളും പാര്‍ട്ടിയില്‍ വരികയാണ്. അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസ് പാര്‍ട്ടി വിടുന്നു എന്ന് സൂചനകള്‍. ശനിയാഴ്ച രാവിലെ ഇക്കാര്യം അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ ലോക്സഭാ സീറ്റ് നിഷേധിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ അകല്‍ച്ചയാണ് ഇപ്പോള്‍ പാര്‍ട്ടി വിടുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. അന്ന് എറണാകുളം നിയമസഭാ സീറ്റ് നല്‍കണമെന്നായിരുന്നു കെവി തോമസ് ആവശ്യപ്പെട്ടത്. എന്നാല്‍ സീറ്റ് നല്‍കാനാവില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.
എംഎല്‍എ, എംപി, സംസ്ഥാന മന്ത്രി, കേന്ദ്രമന്ത്രി പദവികള്‍ വഹിച്ച അദ്ദേഹത്തിന് കൂടുതല്‍ പദവികള്‍ വേണമെന്നാവശ്യപ്പെട്ടാണ് പാര്‍ട്ടി വിടുന്നത്. തുടര്‍ച്ചയായി പാര്‍ട്ടിയില്‍ നിന്നും അവഗണന നേരിടുന്നുവെന്ന പരാതിയുയര്‍ത്തിയാണ് കെവി തോമസ് കോണ്‍ഗ്രസ് വിടുന്നത്. 74 കാരനായ കെവി തോമസ് കോണ്‍ഗ്രസിലൂടെ നിരവധി സ്ഥാനമാനങ്ങല്‍ നേടിയിട്ടുണ്ട്.
പഴയതുപോലെ ഹൈക്കമാന്‍ഡിന്റെ പിന്തുണയും ഇല്ല. തോമസിന് നല്‍കാന്‍ പാര്‍ട്ടി നിശ്ചയിച്ചിരുന്ന പ്രചാരണ സമിതി അധ്യക്ഷ സ്ഥാനവും ഹൈക്കമാന്‍ഡ് ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇതേ ചൊല്ലി നിലവില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി അകല്‍ച്ചയിലാണ് കെവി തോമസ്. ഇതോടെയാണ് പാര്‍ട്ടി വിടാന്‍ അദ്ദേഹം തീരുമാനിച്ചത്. നേരത്തെ സിപിഎം നേതാക്കളുമായി ആശയ വിനിമയം നടത്തിയ അദ്ദേഹം എറണാകുളത്തുനിന്നും സിപിഎം സ്വതന്ത്രനായി മത്സരിക്കാനാണ് സാധ്യത. സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ലത്തീന്‍ സമുദായത്തെ അനുനയിപ്പിക്കാനാണ് തോമസിനെ സിപിഎം കൂടെ കൂട്ടുന്നത്.
എന്തായാലും കെവി തോമസ് പാര്‍ട്ടി വിട്ടാല്‍ അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് തന്നെ നല്‍കാനാണ് യുവജനസംഘടനകളുടെ തീരുമാനം. കെപിസിസി ജംഗ്ഷന്‍ മുതല്‍ കലൂരിലെ ലെനിന്‍ സെന്റര്‍ വരെ അദ്ദേഹത്തെ യാത്രയാക്കാനും അന്നു കൊച്ചിയില്‍ മീന്‍കറി വിതരണം ചെയ്യാനും യുവജന സംഘടനകള്‍ക്ക് പദ്ധതിയുണ്ട്. അതേസമയം തോമസ് പോകുന്നത് ഗുണം ചെയ്യുമെന്ന് തന്നെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന തോമസിനെപ്പോലെയുള്ളവരുടെ സാന്നിധ്യം സിപിഎമ്മിനെ ദുര്‍ബലപ്പെടുത്തുമെന്നും വിലയിരുത്തുന്നവരുണ്ട്. എറണാകുളത്തെ മറ്റു മണ്ഡലങ്ങളിലും സിപിഎമ്മിന് അതു ദോഷം ചെയ്തേക്കും.