Kerala NewsLatest NewsUncategorized

പ്രണയ ദിനത്തിൽ ഒരു പ്രണയ സാഫല്യത്തിന് സാക്ഷ്യം വഹിച്ച് അടൂരിലെ അഗതി മന്ദിരം

അടൂർ: ഈ പ്രണയ ദിനത്തിൽ പത്തനംതിട്ട അടൂരിലെ മഹാത്മ അഗതി മന്ദിരം ഒരു പ്രണയ സാഫല്യത്തിന് സാക്ഷ്യം വഹിക്കുകയാണ്. അഗതി മന്ദിരത്തിൽ വച്ച് കണ്ട് മുട്ടി പ്രണയത്തിലായ 58 കാരൻ രാജനും 65കാരി സരസ്വതിയും ഇന്ന് വിവാഹിതരാകും. അടൂർ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം.

മഹാമാരിക്കാലത്തെ ഈ പ്രണയദിനത്തിൽ പറയാനുണ്ട് പ്രായത്തിനപ്പുറം പ്രണയിച്ചവരുടെ കഥ. തിരുച്ചിറപ്പള്ളിക്കാരൻ രാജനും അടൂർകാരി സരസ്വതിക്കും ഉള്ളിലെ പ്രണയം മൊട്ടിട്ടത് വാർദ്ധക്യത്തിലാണ്. മഹാത്മ അഗതി മന്ദിരത്തിലെ അടുക്കളയിൽ ആ പ്രണയം പൂത്തുലഞ്ഞു. തമിഴും മലയാളം ചേർന്ന ഭാഷയിൽ രാജൻ സ്നേഹം നൽകി. സംസാര ശേഷിയില്ലാത്ത സരസ്വതി ആംഗ്യങ്ങളിലുടെ ഹൃദയം കൈമാറി. ഒടുവിൽ വാർദ്ധക്യം ദാമ്പത്യത്തിന്റെ അവസാനമാണെന്ന് കരുതപ്പെടുന്നവർക്ക് മുന്നിൽ അവർ ഒന്നിക്കുകയാണ്. വിവാഹ സങ്കൽപ്പങ്ങൾക്ക് പൊതു സമൂഹം കൽപ്പിച്ചിരിക്കുന്ന ചട്ടങ്ങൾക്കെല്ലാമപ്പുറം.

നല്ല പ്രായത്തിൽ വിവാഹം കഴിക്കാതെ കുടുബത്തിന് വേണ്ടി പണിയെടുത്ത് ജീവിക്കാൻ മറന്നുപോയതാണ് ഇരുവരും. അന്നൊന്നും മനസിൽ പോലും കരുതിയിട്ടുണ്ടാവില്ല അവസാന നാളുകൾ അഗതി മന്ദിരത്തിലായിരിക്കുമെന്ന്. മഹാത്മ ജനസേവ കേന്ദ്രം സെക്രട്ടറി പ്രിഷീൽഡയും ചെയർമാൻ രാജേഷ് തിരുവല്ലയുമാണ് രാജനേയും സരസ്വതിയേയും ചേർത്തു നിർത്തിയത്. ഇനി രാജന് സരസ്വതിയും സരസ്വതിക്ക് രാജനുമായി പുതിയ ജീവിതം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button