ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ റിസര്‍വ് ബാങ്ക് ‘പോസിറ്റീവ് പേ സിസ്റ്റം’ കൊണ്ടു വരുന്നു.

കൊച്ചി / റിസര്‍വ് ബാങ്ക് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുതിയ സുരക്ഷ സംവിധാനം ഒരുക്കുന്നു. ‘പോസിറ്റീവ് പേ സിസ്റ്റം’ എന്ന സംവിധാനമാണ് റിസര്‍വ് ബാങ്ക് ഇക്കാര്യത്തിന് പരിഹാരമായി കൊണ്ടുവരുന്നത്. ജനുവരി ഒന്നു മുതല്‍ പോസിറ്റീവ് പേ സിസ്റ്റം നിലവില്‍ വരും. അൻപതിനായിരം രൂപയിലധികം തുക വരുന്ന ചെക്കുകള്‍ക്കാണ് ഈ സുരക്ഷാ സംവിധാനം ഒരുക്കുന്നത്. അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ തുക വരുന്ന ചെക്കിന് സ്വമേധയാ പോസിറ്റീവ് പേ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും റിസര്‍വ് ബാങ്കിന്റെ പരിഗണിക്കുന്നുണ്ട്.
ഉയര്‍ന്ന തുകയുടെ ചെക്ക് ബാങ്കില്‍ സമര്‍പ്പിക്കുമ്പോള്‍ അക്കൗണ്ട് ഉടമയുടെ ചെക്കിലുള്ള വിശദ വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ക്ലിയറന്‍സ് ചെയ്യുന്ന സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം എന്ന് പറയുന്നത്. അക്കൗണ്ട് ഉടമകള്‍ക്ക് എസ്.എം.എസ്, മൊബൈല്‍ ആപ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം. തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങള്‍ ബാങ്കിന് നൽകാവുന്നതാണ്. തുടര്‍ന്ന് ചെക്ക് ക്ലിയറന്‍സിനെത്തുമ്പോള്‍ ഈ വിവരങ്ങളുമായി ബാങ്ക് ഒത്തു നോക്കുന്നതാണിത്. വിവരങ്ങള്‍ ഒത്തു നോക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം കണ്ടാല്‍ ചെക്ക് നല്‍കിയ ബാങ്കിനെയും പിന്‍വലിക്കുന്ന ബാങ്കിനെയും സി.ടി.എസ് (ചെക്ക് ട്രാന്‍സാക്ഷന്‍ സിസ്റ്റം) ഈ വിവരം അറിയിക്കുന്നതാണ്. അതേസമയം, ചെക്ക് ഇടപാടുകള്‍ക്ക് പോസിറ്റീവ് പേ സംവിധാനം തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിന് റിസർവ് ബാങ്ക് നൽകുന്നുണ്ട്.