മുംബൈ: അശ്ലീല ചിത്ര നിര്‍മാണ കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ റിമാന്‍ഡ് ചെയ്തു. അശ്ലീല ചിത്രം നിര്‍മിക്കുകയും വിവിധ ആപ്പുകളുടെ ഉപയോഗത്തോടെ ചിത്രം പ്രചരിപ്പിക്കുകയും ചെയ്യുന്ന അശ്ലീല നിര്‍മ്മാണ റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്‍ രാജ് കുന്ദ്രയാണെന്ന് കണ്ടെത്തിയതോടെയാണ് മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഈ മാസം 23 വരെയാണ് കുന്ദ്രയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരിയിലാണ് അശ്ലീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനും പങ്കുണ്ടെന്ന വിവരം പോലീസിന് ലഭ്യമായത്.
സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികള്‍ക്ക് അവസരം വാഗ്ദാനം ചെയ്തു ഷൂട്ടിങ്ങിനെത്തിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുകയാണു റാക്കറ്റിന്റെ രീതി.നടിയും മോഡലുമായ പൂനം പാണ്ഡേ രാജ്കുന്ദ്രയും കൂട്ടാളികളും തന്റെ ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടെന്നും അവരുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും കാണിച്ച് മൂംബൈ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു.
ഷെര്‍ലിന്‍ ചോപ്ര,സാഗരിക ഷോണ തുടങ്ങിയ നടിമാരും ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. അതേസമയം അശ്ലീലചിത്ര നിര്‍മ്മാണ റാക്കറ്റില്‍ നടി ശില്‍പ ഷേട്ടിക്കും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.