കോറോണയിൽ നിന്നും മുക്തി നേടാൻ ഒന്നര അടി നീളമുള്ള കരിങ്കല്ലിൽ തീർത്ത കൊറോണ ദേവിയെ പൂജിച്ച് തമിഴ്‌നാട്ടിലെ ഒരു ഗ്രാമം
രാജ്യമെമ്പാടും കോവിഡിന്റെ രണ്ടാം തരംഗം വൻനാശമാണ് വിതയ്ക്കുന്നത്. പ്രതിരോധപ്രവർത്തനങ്ങളും അടച്ചിടലുമായി ശക്തമായ പ്രതിരോധമാണ് സംസ്ഥാന സർക്കാരുകൾ തീർക്കുന്നത്.
ഇതിനൊപ്പം കൊറോണ ദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച് പൂജ നടത്തുകയാണ് കോയമ്പത്തൂരിൽ ഒരു ക്ഷേത്രസമിതി. കോവിഡിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനാണ് കൊറോണ ദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച് പൂജ നടത്തുന്നതെന്ന് ഇവർ പറയുന്നു.
ഒന്നര അടി നീളമുള്ള കരിങ്കല്ലിൽ തീർത്ത വിഗ്രഹമാണ് കൊറോണ ദേവി എന്ന പേരിൽ സങ്കൽപ്പിച്ച് പൂജ നടത്തുന്നത്. കോയമ്പത്തൂർ ഇരുഗൂർ കാമാക്ഷിപുരി ആദീനം ശക്തിപീഠത്തിലാണ് കൊറോണ ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.
കൊറോണയിൽ നിന്നും മുക്തി നേടുന്നതിനായി 48 ദിവസം നീളുന്ന മഹായാഗം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പൂജകൾ നടത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു.