റംസിയയുടെ ആത്മഹത്യ: കുടുംബം ഹൈക്കോടതിയിലേക്ക്

പ്രതിശ്രുത വരൻ കബളിപ്പിച്ചുവെന്നാരോപിച്ച് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി തേടി യുവതിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്.കേസിലെ പ്രധാന പ്രതികളിലൊരാളും വരൻ്റെ ജേഷ്ഠൻ്റെ ഭാര്യയുമായ സീരിയൽ നടിക്കുൾപ്പടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് റംസിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.സീരിയൽ നടി ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ദീൻ, ഭർതൃമാതാവ് ആരിഫ ബീവി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജ്ജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്നാണ് റംസി ജീവനൊടുക്കിയത്. സംഭവത്തിൽ റംസിയുടെ കുടുംബത്തിൻ്റെ പരാതിയിൽ പ്രതിശ്രുത വരനായ ഹാരിഷ് മുഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹാരിഷിനൊപ്പം സഹോദരന്റെ ഭാര്യ ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ദീൻ, ഭർതൃമാതാവ് എന്നിവർക്കും സംഭവത്തിൽ പങ്കുള്ളതായി റംസിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.
റംസിയെ പലതവണ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയതും ഗർഭഛിദ്രം നിർബന്ധിച്ചതും ലക്ഷ്മിയുടെ നേതൃത്വത്തിലാണെന്നും ഇവർ പറയുന്നു. ഹാരിഷിന്റെ മാതാവ് അടക്കമുള്ളവർ റംസിയെ മാനസികമായി പീഡിപ്പിച്ചെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.
ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്താലേ മകളുടെ മരണത്തിന് പിന്നിലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ചെറിയ വീഴ്ചയാണ് ജാമ്യം ലഭിക്കാൻ കാരണമായതെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നും കുടുംബം പറയുന്നു.
തിങ്കളാഴ്ചയാണ് ലക്ഷ്മി പ്രമോദ് അടക്കമുള്ള മൂന്ന് പേർക്കും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 15-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അറസ്റ്റ് രേഖപ്പെടുത്തിയാൽ 30000 രൂപയുടെ ബോണ്ടിന്മേൽ രണ്ടുപേരുടെ ജാമ്യത്തിൽ വിടണം, സംസ്ഥാനം വിട്ടുപോകാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഏറെ വിവാദമായ കേസിൽ നിലവിൽ എസ്.പി. കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. അതേ സമയം സീരിയൽ നടിയുൾപ്പടെ ഉള്ള ഹാരിഷിൻ്റെ കുടുംബത്തെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും സൂചനയുണ്ട്