ഡാർജിലിംഗിൽ ശക്തമായ മഴയും മണ്ണിടിച്ചിലും; ഒൻപത് പേർ മരിച്ചു

ഡാർജിലിംഗിൽ ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. പ്രധാന നഗരത്തെയും ടൂറിസ്റ്റ് കേന്ദ്രങ്ങളായ മിരിക്, കുർസിയോങ് എന്നിവയെയും ബന്ധിപ്പിക്കുന്ന ദുദിയയിലെ ഇരുമ്പ് പാലം തകർന്നത് ഗതാഗതം താറുമാറാക്കി. കൂടാതെ, കുർസിയോങ് ദേശീയപാത 10-ൽ ഹുസൈൻ കോല പ്രദേശത്തും കനത്ത മഴ പെയ്തതായാണ് റിപ്പോർട്ടുകൾ. ടീസ്റ്റ നദി കര കവിഞ്ഞതിനെത്തുടർന്ന് സിലിഗുരിയിൽ നിന്ന് സിക്കിമിലേക്കുള്ള ദേശീയപാത അടച്ചതും യാത്രക്കാർക്ക് വൻ ബുദ്ധിമുട്ടുണ്ടാക്കി.
കനത്ത മഴയുടെ ഫലമായി നോർത്ത് ബംഗാളിലെ കുന്നിൻപ്രദേശങ്ങളും ഡാർജിലിംഗിനടുത്തുള്ള കാലിംപോങ്, കുർസിയോങ് മേഖലകളിലെയും ആശയവിനിമയ ബന്ധം തകരാറിലായതായി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
ദുരന്തബാധിതർക്കായി പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്യുകയും മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങളെ ഡാർജിലിങ്, സിലിഗുരി, അലിപുർദുവാർ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
രാത്രിയിൽ നീണ്ട കനത്ത മഴയിൽ സമീപ ജില്ലയായ ജൽപൈഗുരിയിലെ മൽബസാർ പ്രദേശം വെള്ളത്തിനടിയിലായി, രക്ഷാപ്രവർത്തനം തുടരുകയാണ്.
Tag: Heavy rains and landslides in Darjeeling; nine people killed