CovidKerala NewsLatest NewsUncategorized

ഒരു കോടി ഡോസ് കൊറോണ വാക്‌സിൻ വാങ്ങാൻ കേരളം: ലോക്ക്ഡൗൺ വേണ്ടെന്നും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിൻ പദ്ധതിയ്ക്കായി ഒരു കോടി ഡോസ് കൊറോണ വാക്‌സിൻ വാങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എഴുപത് ലക്ഷം കൊവിഷീൽഡും മുപ്പത് ലക്ഷം കൊവാക്‌സിനുമാകും വാങ്ങുക. കൂടുതൽ വാക്‌സിനായി കേന്ദ്രത്തോട് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങാനുളള നടപടികൾ സംസ്ഥാനം വേഗത്തിലാക്കിയത്. മേയ് മാസത്തിൽ തന്നെ പത്ത് ലക്ഷം ഡോസ് വാക്‌സിൻ കേരളത്തിൽ എത്തിക്കാമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സർക്കാരിന് ഉറപ്പ് നൽകിയെന്നാണ് സൂചന. ഇതോടൊപ്പം കേന്ദ്രസർക്കാരിൽ നിന്നും കൂടുതൽ സൗജന്യവാക്‌സിൻ നേടിയെടുക്കാനുളള സമ്മർദ്ദവും സംസ്ഥാനം തുടരും.

കൊറോണ വ്യാപനം അതിരൂക്ഷമായെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൗൺ ഉടനെ വേണ്ട എന്ന ധാരണയിലാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം എത്തിയത്. നിലവിൽ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് മിനി ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ട്. ഇതു കൂടാതെ എല്ലാ ദിവസവും നൈറ്റ് കർഫ്യൂവും വൈകിട്ടോടെ കടകൾ എല്ലാം അടയ്ക്കാനും നിർദേശമുണ്ട്. നിലവിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തിയ ശേഷം മാത്രം സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ എന്ന സാദ്ധ്യത പരിശോധിച്ചാൽ മതിയെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലെ ധാരണ.

രോഗവ്യാപനം അതിതീവ്രമായ സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ അടക്കം നടപ്പാക്കാൻ ജില്ലാ കളക്‌ടർമാർക്ക് അനുമതി കൊടുക്കാനും സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. ഇതോടെ മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വരും വരെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്ന് ഏതാണ്ടുറപ്പായി. പതിനഞ്ച് ശതമാനത്തിന് മുകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുളള ജില്ലകളിൽ ലോക്ക്‌ഡൗൺ എന്ന കേന്ദ്ര നിർദേശം തത്ക്കാലം നടപ്പാക്കേണ്ട എന്നാണ് കേരളത്തിന്റെ നിലപാട്. അടുത്ത സർക്കാരാവും ഇനി ലോക്ക്‌ഡൗൺ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button