സി.ഐ. ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടി: അമ്മയും മകനും പിടിയില്‍
ആലുവ: പോലീസ് ടെലി കമ്യൂണിക്കേഷന്‍ സി.ഐ. ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ പിടിയില്‍. തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പില്‍ ഉഷ (50), മകന്‍ അഖില്‍ (25) എന്നിവരാണ് പിടിയിലായത്. 52 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പുത്തന്‍കുരിശ്, രാമമംഗലം സ്വദേശിയില്‍ നിന്ന് പല ഘട്ടങ്ങളിലായാണ് ഇവര്‍ പണം് വാങ്ങിയത്.
ഉഷയും രാമമംഗലം സ്വദേശിയും പ്രീഡിഗ്രിക്ക് കോലഞ്ചേരിയിലെ കോളേജില്‍ ഒരുമിച്ച് പഠിച്ചതാണ്. വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ പരിചയം പുതുക്കി. ആലുവ ടെലി കമ്യൂണിക്കേഷനില്‍ ഇന്‍സ്‌പെക്ടറാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്, ഉഷ ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ ആദ്യം പത്ത് ലക്ഷം രൂപ വാങ്ങി. പിന്നീട് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷത്തോളം രൂപയും കൈപ്പറ്റി.
മുഴുവന്‍ തുകയായ 52 ലക്ഷത്തില്‍ 10 ലക്ഷം രൂപ അഖിലാണ് വാങ്ങിയത്. ശേഷം ബ്ലാങ്ക് ചെക്ക് നല്‍കുകയും ചെയ്തു. പിന്നീട് പണം നഷ്ടപ്പെട്ടയാള്‍ ഈ ചെക്ക് മാറാന്‍ ബാങ്കില്‍ എത്തി ബ്ലാങ്ക് ചെക്ക് നല്‍കിയപ്പെള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി.
സാമ്പത്തിക ഇടപാടില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ ആറു ലക്ഷം രൂപ അമ്മയും മകനും തിരികെ നല്‍കിയിരുന്നു. ബാക്കി തുക ലഭിക്കാത്തതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ടയാള്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.