സുഹൃത്തിന്റെ വീട്ടില്‍ യുവാവ് മരണപ്പെട്ട നിലയില്‍
കൊല്‍ക്കത്ത: ദുരൂഹസാഹചര്യത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് സുഹൃത്ത് കൗശിക് മൊണ്ടാലിന്റെ വീട്ടില്‍ മരണപ്പെട്ട യുവാവ് റിതേഷ് പോയത്.
വെള്ളിയാഴ്ച വൈകിട്ട് സുഹൃത്തിന്റെ വീട്ടില്‍ പോയ റിതേഷ് അവിടെ താമസിക്കുകയായിരുന്നു. പിറ്റേ ദിവസം റിതേഷിനെ വിളിച്ചപ്പോള്‍ ഉറക്കമുണര്‍ന്നില്ലെന്നും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെന്നുമാണ് കൗശിക്കിന്റെയും കുടുംബത്തിന്റെയും മൊഴി.
അതേസമയം ആശുപത്രിയില്‍ എത്തും മുന്‍പ് റിതേഷ് മരണപ്പെട്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. മകന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് റിതേഷിന്റെ പിതാവ് രംഗത്ത് വന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി കൗശിക്കിന്റെ വീട്ടില്‍നിന്ന് ഭക്ഷണത്തിന്റെ സാമ്പിളുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫൊറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി. റിതേഷ് അമിതമായി മദ്യപിച്ചിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.