Kerala NewsLatest NewsNationalNewsPolitics

രണ്ട് തവണ തോറ്റവരെ പരിഗണിക്കരുത്,ഹൈക്കമാന്‍ഡിന് നേതാക്കളുടെ കത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊതു മാനദണ്ഡം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് നേതാക്കളുടെ കത്ത്. ടി എന്‍ പ്രതാപന്‍ അടക്കമുളള നേതാക്കളാണ് കത്തയച്ചിരിക്കുന്നത്. രണ്ട് തവണ തിരഞ്ഞെടുപ്പില്‍ തോറ്റവരെ പരിഗണിക്കരുതെന്നാണ് പ്രധാന ആവശ്യം.

ഉമ്മന്‍ ചാണ്ടി ഒഴികെ അഞ്ച് തവണ എം എല്‍ എ ആയവരെ ഒഴിവാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. പ്രാദേശികമായി ജനസ്വാധീനമുളളവര്‍ക്ക് സീറ്റ് നല്‍കണമെന്നും ഓരോ ജില്ലയിലും ജില്ലയില്‍ നിന്നുളളവ‌ര്‍ തന്നെ മത്സരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഗ്രൂപ്പ് വീതംവയ്‌പ്പ് അനുവദിക്കരുത്. എല്ലാ ജില്ലയിലും വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാവണം. ജയസാദ്ധ്യതയുളള സീറ്റ് തന്നെ വനിതകള്‍ക്ക് നല്‍കണം തുടങ്ങിയവയാണ് കത്തിലെ മറ്റ് ആവശ്യങ്ങള്‍.

എല്ലാ ജില്ലയിലും 40 വയസിന് താഴെ പ്രായമുളള രണ്ട് പേര്‍ക്കെങ്കിലും അവസരം നല്‍കണം. ഇതിലൂടെ കെ എസ്‌ യു, യൂത്ത് കോണ്‍ഗ്രസ് എന്നിവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന നിര്‍ദേശവും നേതാക്കള്‍ ആവശ്യപ്പെടുന്നു. നേതാക്കള്‍ കത്തയച്ചതിന് പിന്നാലെ തൃശൂര്‍ അടക്കമുളള ജില്ലകളിലെ ആദ്യഘട്ട സാദ്ധ്യത പട്ടിക ഹൈക്കമാന്‍ഡ് മടക്കി അയച്ചെന്നാണ് വിവരം.

എ ഐ സി സി നടത്തിയ സര്‍വേയില്‍ തൃശൂരില്‍ നിന്ന് ലഭിച്ച സാദ്ധ്യത പട്ടികയില്‍ ഇടം നേടിയ ഒരാള്‍ പോലും വിജയിക്കില്ലെന്നാണ് കണ്ടെത്തല്‍. ഇതോടെ പത്മജാ വേണുഗോപാല്‍ അടക്കമുളളവര്‍‌ മത്സരിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം പത്മജ മണ്ഡലത്തിലുണ്ടായിട്ടും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് അവരെ എതിര്‍ക്കുന്ന നേതാക്കള്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button