കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ നിര്‍ബന്ധിതമായി മാറ്റിനിര്‍ത്താന്‍ നീക്കം
തിരുവനന്തപുരം: അനുദിനം നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം മാറ്റി നിര്‍ത്താന്‍ നീക്കം. ഡെയസ്‌നോണ്‍ തള്ളിയും തൊഴിലാളികള്‍ പണിമുടക്കിയതിന് പിന്നാലെ ജോലിയില്ലെന്ന കാരണം പറഞ്ഞ് തൊഴിലാളികളെ മാറ്റിനിര്‍ത്താനുള്ള പുതിയ റിപ്പോര്‍ട്ടാണ് മാനേജ്‌മെന്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.
7,500 സ്ഥിരം ജീവനക്കാര്‍ കോര്‍പ്പറേഷന് ബാധ്യതയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ നഷ്ടം കുറയ്ക്കാന്‍ സ്ഥിരം ജീവനക്കാരെ മാറ്റി നിര്‍ത്തുകയാണ് നല്ലതെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്. മാര്‍ച്ച് വരെ പരമാവധി 3800 സര്‍വീസുകള്‍ മാത്രമേ ഓടിക്കാന്‍ കഴിയൂവെന്നും അതിനാല്‍ ജീവനക്കാരെ ഒഴിവാക്കാതെ മറ്റ് നിവര്‍ത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ കൂടാതെ കൂടുതല്‍ ബസുകള്‍ ഇറക്കുക പ്രായോഗികമല്ല.
ബസുകളില്‍ 40 ശതമാനം നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഒതുക്കിയിട്ടിരിക്കുന്ന 2500 ബസുകള്‍ നന്നാക്കി റോഡിലിറക്കിയാല്‍ ലാഭമുണ്ടാകില്ലെന്നും സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. താത്കാലിക ജീവനക്കാരെ ഒഴിവാക്കിയശേഷം 5250 ബസുകള്‍ക്കുവേണ്ട സ്ഥിരജീവനക്കാരുടെ തസ്തികകള്‍ നിജപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ 4250 ബസുകള്‍ക്ക് 20,468 ജീവനക്കാര്‍ മതി.
ശേഷിക്കുന്നവരെ പകുതി ശമ്പളംനല്‍കി തത്കാലത്തേക്കു മാറ്റിനിര്‍ത്തിയാല്‍ നഷ്ടം കുറയ്ക്കാം. സ്വയം സന്നദ്ധരാകുന്ന ജീവനക്കാരെ ഇതിനു പരിഗണിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് പകുതി ശമ്പളം നല്‍കിയാല്‍പ്പോലും മാസം 10 കോടി ലാഭിക്കാം. 2020 മാര്‍ച്ചുമുതല്‍ സര്‍ക്കാര്‍ സഹായത്തിലാണ് ശമ്പളം നല്‍കുന്നത്. ഇടക്കാല ആശ്വാസം ഉള്‍പ്പെടെ മാസശമ്പളം നല്‍കാന്‍ 84 കോടി രൂപ നല്‍കണം. അതേസമയം ജീവനക്കാരെ മാറ്റിനിര്‍ത്താനുള്ള നിര്‍ദേശം തൊഴിലാളി യൂണിയനുകള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.