ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെയാണ് ഇന്ത്യയ്ക്ക് ഭീകരാക്രമണ ഭീഷണി ഉണ്ടായിരിക്കുന്നത്. ആഭ്യന്തര സുരുക്ഷ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന് ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗോള ജിഹാദ് ഇന്ത്യയ്ക്ക് ഒരു വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക.
അഫ്ഗാനില്‍ നിന്നും നാറ്റോയുടെയും യുഎസ് സേനയുടെയും പിന്‍വാങ്ങല്‍ ലോകമെമ്പാടുമുള്ള സുരക്ഷാസംവിധാനത്തിന് വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. 20 വര്‍ഷം മുന്‍പ് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തേക്കാള്‍ നാനൂറ് മടങ്ങ് കൂടുതലാണ് ഇന്ന് ജിഹാദ്. ആഗോള ജിഹാദ് വികസിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ ശക്തികളെ തോല്‍പ്പിക്കുന്നത് ജിഹാദികള്‍ക്ക് വലിയ ധൈര്യമാണ് നല്‍കുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ പാക്കിസ്ഥാനിലെ തെഹ്‌റിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) പുനരുജ്ജീവിപ്പിക്കപ്പെടാന്‍ കാരണമായേക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
പാകിസ്ഥാന്‍ താലിബാന്‍ എന്ന് അറിയപ്പെടുന്ന തെഹ്‌റിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ ഒരു പഷ്തൂണ്‍ ഇസ്ലാമിസ്റ്റ് സായുധ വിദ്യാര്‍ഥി സംഘമാണ്. അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള വിവിധ വിദ്യാര്‍ഥി സംഘടനകളാണ് ഈ സംഘത്തിലുള്ളത്. ടിടിപി ഒരു വലിയ ഭീകര സംഘടനയായി മാറിയിട്ടുണ്ടെന്നും പാകിസ്ഥാനിലെ എല്ലാ ജിഹാദി ഗ്രൂപ്പുകളും അവരുടെ ഗ്രൂപ്പില്‍ ചേര്‍ന്നുവെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദക്ഷിണേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ അതായത് ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, പിഒകെ മേഖല എന്നിവിടങ്ങളില്‍ കൂടുതല്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ മുളച്ചുപൊന്തിയേക്കും. ജിഹാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ ജാതി വിഭജനം ഉപയോഗിച്ചേക്കാം. എല്ലാ ഭീകര ഗ്രൂപ്പുകളെയും ഫെഡറല്‍ അഡ്മിനിസ്ട്രേറ്റഡ് ട്രൈബല്‍ ഏരിയ (ഫാറ്റ) മേഖലയായി അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹര്‍ മാറിയേക്കാം. അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ കറന്‍സി കൂടുതല്‍ ഉപയോഗിക്കുന്നത് വഴി നാര്‍ക്കോട്ടിക് ടെററിസവും വര്‍ധിക്കും.
മയക്കുമരുന്ന് കള്ളക്കടത്ത് ഇരട്ടിയായി വര്‍ധിക്കും. മയക്കുമരുന്ന് കള്ളക്കടത്തിലൂടെയാണ് ജിഹാദി പ്രവര്‍ത്തനം ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ വിവിധ ഭീകരസംഘടനകള്‍ പണം കണ്ടെത്തുന്നത്. ജിഹാദി ഗ്രൂപ്പുകള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ലോകത്തിന് തന്നെ ഭീഷണിയായേക്കും. വിവിധ ജിഹാദി ഗ്രൂപ്പുകളുടെ ഒരു ജംക്ഷന്‍ ആയി അഫ്ഗാനിസ്ഥാന്‍ മാറിയേക്കും.
ഇത്തരം ജിഹാദി ഗ്രൂപ്പുകള്‍ക്ക് അകമഴിഞ്ഞ് പിന്തുണ നല്‍കുന്നത് പാക്കിസ്ഥാനാണെന്നും ഇവരെ നിയന്ത്രിക്കാന്‍ ആഗോളതലത്തില്‍ തന്നെ വളരെയേറെ ബുദ്ധിമുട്ടുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മാനവിക മൂല്യങ്ങളുടെ മറപിടിച്ച് ജിഹാദ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇടതുപക്ഷ ചിന്താഗതിക്കാരെ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ കൂടുതല്‍ നീക്കങ്ങള്‍ നടത്തുന്നത്. അതിനാല്‍ ഇടതുപക്ഷ ചായ്‌വുള്ള ഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.