ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുഞ്ഞുങ്ങളുടെ കവിളിൽ സ്പർശിക്കുന്നത് കുറ്റകരമല്ലെന്ന് പോക്‌സോ കോടതി: പ്രതിയ്ക്ക് ജാമ്യം

ന്യൂ ഡെൽഹി: ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുഞ്ഞുങ്ങളുടെ കവിളിൽ സ്പർശിക്കുന്നത് കുറ്റകരമായി കണക്കാനാകില്ലെന്ന് സ്പെഷ്യൽ പോക്‌സോ കോടതിയുടെ വിധി. അഞ്ച് വയസുകാരിയുടെ അമ്മയെ ലൈംഗിക പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ടെക്നീഷ്യനെയാണ് ചൊവ്വാഴ്ച സ്പെഷ്യൽ പോക്‌സോ കോടതി വെറുതെവിട്ടത്.
2017ലാണ് കേസിനാസ്പദമായ സംഭവം. കേടായ ഫ്രിഡ്ജ് നന്നാക്കാൻ എത്തിയതായിരുന്നു പ്രതി. ഒരു ദിവസം ഉച്ചക്ക് ശേഷമായിരുന്നു പ്രതി തങ്ങളുടെ വീട്ടിലെത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഫ്രിഡ്ജിൻറെ കുഴപ്പം മനസിലാക്കിയ ഇയാൾ സ്പെയർ പാർട്സ് വാങ്ങുന്നതിനായി പുറത്തേക്ക് പോയി. തിരിച്ചെത്തിയ ഇയാൾ കുഞ്ഞിൻറെ കവിളിൽ ദുരുദ്ദേശ്യത്തോടെ സ്പർശിക്കുന്നത് ശ്രദ്ധയിൽ പെട്ട യുവതി അയാളോട് വാഷിങ് മെഷീന് കേടായത് നോക്കാൻ പറഞ്ഞുവിട്ട ശേഷം അടുക്കളയിലേക്ക് പോയി.
അടുക്കളിയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന യുവതിയെ പ്രതി പിറകിൽ നിന്ന് കയറിപ്പിടിച്ചു. യുവതി കുതറിമാറാൻ ശ്രമിച്ചെങ്കിലും അയാൾ വിട്ടില്ല. കൂലി കൊടുത്ത് പറഞ്ഞുവിടാൻ ശ്രമിച്ചുവെങ്കിലും യുവതിക്കെതിരെ മോശമായി പെരുമാറാനും കുട്ടിയുടെ കവിളിൽ സ്പർശിക്കാനുമായിരുന്നു അയാളുടെ ശ്രമമെന്ന് അവർ പരാതിപ്പെട്ടു. നിരന്തരം ഉപദ്രവം തുടർന്ന ഇയാളിൽ നിന്നും സഹോദരങ്ങളെത്തിയാണ് യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്. കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി.
യുവതിയെ ഉപദ്രവിച്ച കുറ്റത്തിന് ഇയാളെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചെങ്കിലും കുഞ്ഞിനെ ദുരുദ്ദേശത്തോടെ സ്പർശിച്ചെന്ന ആരോപണം തെളിയിക്കാനായില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ‘സംശയാതീതമായി പ്രതികൾക്കെതിരായ കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. അമ്മയുടെ മൊഴി പരിഗണിക്കുമ്പോഴും ഇരയായ പെൺകുട്ടിയെ പ്രതി ലൈംഗിക ചൂഷണത്തിനിരയാക്കുന്ന തരത്തിലോ സ്ത്രീത്വം അപമാനിക്കപ്പെടുന്ന രീതിയിലോ ഒരു പ്രവർത്തിയും ചെയ്തിട്ടില്ല’ -കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.