അഭിമാന നേട്ടത്തിൻറെ ഇരുപതാം വാർഷികം; പുല്ലേലെ ഗോപിചന്ദിന് ആശംസാ പ്രവാഹം

ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ടൈറ്റിൽ നേടിയതിൻറെ ഇരുപതാം വാർഷികത്തിൽ പുല്ലേലെ ഗോപിചന്ദിന് ആശംസാ പ്രവാഹം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ബാഡ്മിൻറൺ ടൂർണമെന്റുകളിലൊന്നായ ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ടൈറ്റിൽ നേടിയ ചുരുക്കം ഭാരതീയരിലൊരാളാണ് പുല്ലേലെ ഗോപിചന്ദ്.
മത്സരങ്ങളിൽ നിന്ന് മാറി മുഴുവൻ സമയ കോച്ചിംഗിലേക്ക് പുല്ലേലെ തിരിയുകയും ചെയ്തു. 2001 ലെ ടൈറ്റിൽ നേട്ടത്തിന് ശേഷം ഈ മത്സരത്തിൽ വിജയത്തിലെത്താൻ ഒരു ഇന്ത്യക്കാരനും സാധിച്ചിട്ടില്ല. 2015ൽ സൈന നെഹ്വാളിന് ഈ മത്സരത്തിൽ റണ്ണറപ്പായതാണ് ഈ ടൂർണമെൻറിൽ പിന്നീട് ഇന്ത്യക്ക് നേടാനായത്. ചൈനീസ് താരമായ ചെൻ ഹോംഗിനെയായിരുന്നു ഗോപിചന്ദ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
ഗോപീചന്ദിൻറെ കരിയറിലെ നിർണായക നേട്ടം കൂടിയായിരുന്നു ഈ കിരീടം. ഇതിന് പിന്നാലെ കോച്ചിംഗിലേക്ക് തിരിഞ്ഞ ഗോപീചന്ദിൻറെ ശിക്ഷണത്തിലായിരുന്നു ഇന്ത്യയുടെ അഭിമാനമായ പി വി സിന്ധുവിൻറെ പരിശീലനം. നിരവധിപ്പേരാണ് ഗോപീചന്ദിന് വാർഷികത്തിൽ ആശംസകളുമായി എത്തുന്നത്.