ആലുവ മഹാദേവന്റെ ആറാട്ടിനായി കാത്ത് ഭക്തര്‍
ആലുവ: പ്രകൃതി ഒരുക്കുന്ന സ്വയംഭൂവായ മഹാദേവന്റെ ആറാട്ടിന് കണ്ണുംനട്ട് ഭക്തവൃന്ദം. പെരിയാറില്‍ പലവട്ടം ജലനിരപ്പുയര്‍ന്നെങ്കിലും ഈ വര്‍ഷം ആലുവ മഹാദേവന് ആറാട്ട് നടന്നിട്ടില്ല. എന്നാല്‍ അപ്രതീക്ഷിതമായി രണ്ടു ദിവസങ്ങളില്‍ പെയ്ത മഴ പെരിയാറിന്റെ ജലനിരപ്പുയര്‍ത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ 95 ശതമാനത്തോളം ഇതിനകം വെള്ളത്തിനടിയിലായിട്ടുണ്ട്.
ശിവക്ഷേത്രം പൂര്‍ണമായി മുങ്ങുമ്പോഴാണ് മഹാദേവന് ആറാട്ട് എന്നാണ് സങ്കല്‍പം. ആറാട്ടിനോടനുബന്ധിച്ച് പ്രത്യേക പൂജകളും പ്രസാദവിതരണവും നടത്താറുണ്ട്. മണപ്പുറം മുകളിലെ ക്ഷേത്രത്തിലാണ് വിഗ്രഹങ്ങള്‍ സൂക്ഷിക്കാറുള്ളത്. എത്ര ജലനിരപ്പുയര്‍ന്നാലും മണപ്പുറത്തെ മൂലസ്ഥാനത്തു മാത്രമേ പൂജയുണ്ടാവാറുള്ളൂ. അതിന് ചെറുതോണിയും ഉണ്ട്.
ഇവിടെ കരിങ്കല്‍ തറ മാത്രമാണുള്ളത്. മണ്ഡലകാലത്ത് നിര്‍മിക്കുന്ന താല്‍ക്കാലിക ക്ഷേത്രം മേടമാസം അവസാനത്തോടെ അഴിച്ചു മാറ്റും. മകരമാസം മുതല്‍ മേടം വരെ മൂന്ന് മാസം മാത്രമേ ഇവിടെ ദീപാരാധന നടക്കാറുള്ളൂ. ആലുവ മഹാദേവന് പടഹാദി കൊടിയേറ്റോടെ ഉത്സവമുണ്ടെങ്കിലും ആറാട്ടില്ല. ആലുവാക്കാരെ സംബന്ധിച്ചിടത്തോളം ആറാട്ട് നടക്കുന്നത് പുണ്യമാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് പുഴയോരത്തു നടത്തിയിരുന്ന ബലിതര്‍പ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക് മാറ്റി.