Kerala NewsLatest News

പന്തളം കൊട്ടാരം എന്നും ഭക്തജനങ്ങൾക്കൊപ്പം,പന്തളം കൊട്ടാരം നിർവ്വാഹക സംഘം

2018 ഒക്ടോബർ 2-ന്, പന്തളത്തു സംഘടിപ്പിച്ച ആദ്യത്തെ നാമജപ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയത് പന്തളം കൊട്ടാരവും, ക്ഷേത്ര ആചാര സംരക്ഷണ സമിതിയും, അനവധി ക്ഷേത്ര ഉപദേശക സമിതികളും, വിവിധ ഹൈന്ദവ സംഘടനകളും, എൻ. എസ്. എസ്. അടക്കമുള്ള സമുദായ സംഘടനകളും ചേർന്നാണ്. പന്തളം കൊട്ടാരത്തിന് രാഷ്ട്രീയാതീതമായി എല്ലാ അയ്യപ്പഭക്തരുമായും ആത്മബന്ധമുണ്ട് എന്നാൽ അത് അവരുടെ രാഷ്ട്രീയ നിലപാടിനുള്ള പിന്തുണയല്ല. ഒരു കൊടിയുടെയും പിന്നാലെ പോകരുത് എന്നതായിരുന്നു നാമജപ ഘോഷയാത്രയ്ക്ക് അനുഗ്രഹമരുളിയ പന്തളം വലിയ തമ്പുരാന്റെ ഉപദേശം. ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിലപാടിനൊപ്പമല്ല; മറിച്ച് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ വിശ്വാസത്തിനൊപ്പമാണ് പന്തളം കൊട്ടാരം എന്നും നിലനിന്നിട്ടുള്ളതും നിലകൊള്ളുന്നതും.

അയ്യപ്പവിശ്വാസത്തെയും ശബരിമല ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കുകയും, ശബരിമലയെ തകർക്കുവാനുള്ള ശ്രമങ്ങളെ ഭക്തർക്കൊപ്പം നിന്ന് ചെറുക്കുകയുമാണ് പന്തളം കൊട്ടാരത്തിന്റെ പ്രധാന കർത്തവ്യം. ഈ പ്രവർത്തനത്തിനിടയിൽ ഒപ്പം ചേരുന്നവരും വിട്ടുപോകുന്നവരുമായ വ്യക്തികളുടെ കക്ഷിരാഷ്ട്രീയത്തിലും അവസരവാദത്തിലും സ്വാർത്ഥതാത്പര്യങ്ങളിലും കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ല. അത്തരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറുന്നവർക്ക് കൊട്ടാരം നിർവ്വാഹക സംഘത്തിന്റെയും അദ്ധ്യക്ഷന്റെയും പിന്തുണയുണ്ട് എന്ന് വ്യാജമായി പ്രചരിപ്പിക്കുന്നതിനെ അപഹാസ്യം എന്നേ പറയാൻ കഴിയൂ.

ഒരു കാലത്ത് പന്തളം പ്രദേശത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് നിർണ്ണായക സംഭാവന നൽകിയിട്ടുള്ള പന്തളം കൊട്ടാരം, ഇന്നും ആ ചരിത്രം നിഷേധിക്കുന്നില്ല. യുവതീ പ്രവേശന വിഷയത്തിൽ ഇപ്പോഴത്തെ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നിലപാടുകൾ മൂലം അയ്യപ്പഭക്തരുടെ മനസ്സിനേറ്റ മുറിവുകൾ ഇപ്പോഴും മായാതെ നിൽക്കുകയാണ്. നാമം ജപിച്ചതിന്റെ പേരിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾക്കും അമ്മമാർക്കുമെതിരെ ചുമത്തിയ പതിനായിരക്കണക്കിന് കേസുകൾ പിൻവലിക്കുന്നതുവരെ അവരോടൊപ്പം പന്തളം കൊട്ടാരം ഉറച്ചുനിൽക്കും. ഭഗവാൻ അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായ പന്തളം കുടുംബത്തിന് എല്ലാത്തരം രാഷ്ട്രീയ പ്രമാണങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും മുകളിലാണ് ക്ഷേത്രവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും.

വ്യക്തികൾ ആരായാലും മണ്ഡലകാലം മറക്കരുത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button