മുൻ പിഎസ്‌സി ചെയർമാൻ കെ.എസ് രാധാകൃഷ്ണന്റെ അധിക പെൻഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാൻ തീരുമാനം

തിരുവനന്തപുരം: മുൻ പിഎസ്‌സി ചെയർമാൻ ഡോ. കെ.എസ് രാധാകൃഷ്ണനെതിരെ നടപടിക്ക് തീരുമാനം. കെ. എസ് രാധാകൃഷ്ണന്റെ അധിക പെൻഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനാണ് തീരുമാനം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
മുൻ യുഡിഎഫ് സർക്കാരാണ് കെ. എസ് രാധാകൃഷ്ണന്റെ പെൻഷനും ആനുകൂല്യങ്ങളും ഇരട്ടിയായി വർധിപ്പിച്ച് നൽകിയത്. 2013 മാർച്ച് 31നായിരുന്നു നടപടി. പിഎസ്‌സി ചെയർമാൻ എന്ന നിലയിലുള്ള പെൻഷനും ആനുകൂല്യങ്ങളും വേണമെന്ന കെ. എസ് രാധാകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് മന്ത്രാസഭായോഗം ചേർന്ന് തീരുമാനമെടുത്തത്. ഇതിനെതിരെ കൊച്ചി ഇടപ്പള്ളി സ്വദേശി പി. എ ആന്റണി രംഗത്തെത്തി.
പിഎസ്‌സി ചെയർമാൻ ആകുന്നതിന് മുൻപ് കെ. എസ് രാധാകൃഷ്ണൻ കാലടി സംസ്കൃത സർവകലാശാലയിലെ റീഡറായിരുന്നു. ചെയർമാൻ സ്ഥാനം താത്കാലികമാണെന്നിരിക്കെ റീഡറായിരുന്ന സമയത്തെ ശമ്പളം അടിസ്ഥാനമാക്കിവേണം പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കാൻ എന്ന് ചൂണ്ടികാട്ടിയാണ് പി. എ ആന്റണി രംഗത്തെത്തിയത്. ഇക്കാര്യം വ്യക്തമാക്കി 2016 ൽ അദ്ദേഹം സർക്കാരിന് കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.