മുംബൈ: അശ്ലീല ചിത്ര നിര്‍മാണ കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റില്‍. കേസിലെ മുഖ്യ സൂത്രധാരന്‍ രാജ് കുന്ദ്രയാണെന്ന് കണ്ടെത്തിയതോടെ മുംബൈ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരിയിലാണ് അശ്ലീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനും പങ്കുണ്ടെന്ന വിവരം പോലീസിന് ലഭ്യമായത്.
അശ്ലീല ചിത്രം നിര്‍മിക്കുകയും വിവിധ ആപ്പുകളുടെ ഉപയോഗത്തോടെ ചിത്രം പ്രചരിപ്പിച്ചെന്നുമാണ് കേസ്.
നടിയും മോഡലുമായ പൂനം പാണ്ഡേ രാജ്കുന്ദ്രയും കൂട്ടാളികളും തന്റെ ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടെന്നും അവരുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും കാണിച്ച് മൂംബൈ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ബന്ധമില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ രാജ് കുന്ദ്രയും സഹായിയുടെയും വാദം.
അതേസമയം അശ്ലീല ചിത്രങ്ങള്‍ക്ക് നഗ്‌ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അഭിനേതാക്കളെ നിര്‍ബന്ധിച്ചുവെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമയാണ് രാജ് കുന്ദ്ര. നടി ശില്‍പ ഷെട്ടിയെ 2009 ലാണ് രാജ് കുന്ദ്ര വിവാഹം ചെയ്തത്.