കുട്ടി സഖാവിനും ജയം, രേഷ്‌മ മറിയം റോയിയാണ് ഇന്ന് താരം.

പത്തനംതിട്ട / സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ താരമായത് രേഷ്‌മ മറിയം റോയിയാണ്.തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി 21 വയസുകാരിയായ രേഷ്‌മ ഹീറോയായി മാറി. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിയായാണ് രേഷ്‌മ മത്സരിച്ചത്. കുടുംബാംഗങ്ങളെല്ലാം കോൺഗ്രസ് ആഭിമുഖ്യമുളളവരാണ്.
തന്റെ രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് രേഷ്‌മക്ക് സിപിഎം സ്ഥാനാർത്ഥി ആവാനായി. കുട്ടിക്കാലം മുതലേ ഇടത് ആഭിമുഖ്യമുളള രേഷ്‌മ ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരിക്കുന്നു.
21 വയസാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായിരുന്ന നവംബർ 19 ന്റെ തലേന്ന് നവംബർ 18നാണ് രേഷ്‌മയ്‌ക്ക് 21 വയസ് തികഞ്ഞതെന്നതാണ് ശ്രദ്ധേയം. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഓരോന്നും തന്റെ ഡയറിയിൽ കുറിച്ചെടുത്ത് അവ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയായിരുന്നു രേഷ്‌മ പ്രചാരണം നടത്തിയിരുന്നത്. കോന്നി വി.എൻ.എസ് കോളേജിലെ എസ്.എഫ്.ഐ അംഗമായിരുന്ന രേഷ്‌മ ഇപ്പോൾ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.