പിണറായിക്കെതിരെ സ്വപ്നയെ ഉപയോഗിച്ചതിന് ഇഡിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും,സ്റ്റേയില്ല

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. ചൊവ്വാഴ്ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത് തടസ്സപ്പെടുത്തതരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ നിലനില്‍ക്കുന്നതല്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.
അതേസമയം, ഹര്‍ജിക്കൊപ്പം സ്വപ്‌നയുടെ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കിയതില്‍ കോടതി അതൃപ്തി അറിയിച്ചു. രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഹര്‍ജിക്കൊപ്പം നല്‍കിയത്. ഇത് ഉചിതമാണോയെന്നാണ് കോടതി ചോദിച്ചത്.