മഹാമാരി ലോകത്ത് 19.20 ലക്ഷം മനുഷ്യ ജീവൻ കവർന്നു.

ന്യൂയോർക്ക് /ലോകത്ത് കൊവിഡ് മഹാമാരി ഇതിനകം 19.20 ലക്ഷം മനുഷ്യ ജീവൻ കവർന്നു. രോഗ ബാധിതരുടെ എണ്ണം എട്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 19,20,357 പേർ മരണമടഞ്ഞു.ആറ് കോടി മുപ്പത്തിയൊമ്പത് ലക്ഷം പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നത്.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി ഇരുപത്തിനാല് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 3.77 ലക്ഷം പേർ മരിച്ചു. ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം പേർ രോഗ ശാന്തി നേടി. ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം എൺപത് ലക്ഷം കടന്നു. രണ്ട് ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. ബ്രിട്ടനിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് ഇരുപത്തിയൊമ്പത് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമ്പതിനായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,04,13,417 ആയി. നിലവിൽ 2,25,449 പേരാണ് ചികിത്സയിലുള്ളത്. ഒന്നരലക്ഷം പേർ മരണപെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം 20,539 പേരാണ് രോഗമുക്തരായത്.