സുപ്രീം കോടതിയുടെ പരിഗണനയിലാണ്, പെഗാസസില്‍ മറുപടി നല്‍കേണ്ട; രാജ്യസഭാ സെക്രട്ടറിയറ്റിന് നിര്‍ദേശവുമായി കേന്ദ്രം
ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭാ സെക്രട്ടറിയേറ്റിനോട് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
സി.പി.ഐ എം.പി ബിനോയ് വിശ്വം ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് ഇത്തരമൊരു മറുപടി ഇപ്പോള്‍ കിട്ടിയത്. പെഗാസസ് സോഫ്റ്റ്‌വയര്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ടോ, എന്‍.എസ്.ഒയുമായി ബന്ധപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ബിനോയ് വിശ്വം ഉന്നയിച്ചിരിക്കുന്നത്.
ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നാണ് മറുപടി നൽകാത്തതിലുള്ള കേന്ദ്ര വിശദീകരണം.
വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗാസസ് വിഷയം പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.