കോവിഡിനെ അതിജീവിക്കാനൊരുങ്ങി കേരള ടൂറിസം
തിരുവനന്തപുരം: കോവിഡില്‍ സാമ്പത്തികമായി നഷ്ടത്തിലായ ടൂറിസം മേഖലയെ പുനരുജീവിപ്പിക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്. കോവിഡിനെ ചെറുക്കാനായി ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി കൊടുക്കാന്‍ ഒരുങ്ങുകയാണ് പൊതുമരാമത്.
ഇതിലൂടെ ടൂറിസത്തെ മുന്നോട്ട് കൊണ്ടുവരാന്‍ സാധിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കി. അതേസമയം ടൂറിസം വകുപ്പിന്റെ കീഴില്‍ വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന ആശയത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഓണ്‍ലൈനിലാക്കി നടത്താനും ടൂറിസം വകുപ്പ് പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ പൂക്കളമത്സരം പരിപാടി ഓഗസ്റ്റ് 14-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡില്‍ കേരളത്തിലെ സാമ്പത്തിക മേഖല തകര്‍ന്നിരിക്കുകയാണ്. അതിന് വലിയൊരു കാരണം ടൂറിസം മേഖലയിലെ നഷ്ടമാണ്.
2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ മാത്രം ടൂറിസം മേഖലയില്‍ 3300 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു എന്നത് വാസ്തവമാണ് എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനാണ് കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.