അണ്ണാ ഡി.എം.കെയില്‍ ശശികലക്കോ കുടുംബത്തിനോ ഇടമില്ലെന്ന് ഇ.പി.എസ്
ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ ശശികലക്കോ കുടുംബത്തിനോ ഇടമുണ്ടായിരിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ജോയിന്‍റ് കോ ഓര്‍ഡിനേറ്ററുമായ എടപ്പാടി പളനിസാമി. താനും ഒ. പനീര്‍സെല്‍വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തയും ഇ.പി.എസ് നിഷേധിച്ചു. അതെല്ലാം മാധ്യമ സൃഷ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു.
ശശികല ഇപ്പോള്‍ അണ്ണാ ഡി.എം.കെയില്‍ ഇല്ല. അവര്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. ആശയക്കുഴപ്പമുണ്ടാക്കാനും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. അവര്‍ക്കോ അവരുടെ കുടും ബത്തിനോ ഈ പാര്‍ട്ടിയില്‍ ഇടമില്ലെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ പ്രഖ്യാപിച്ചതാണ്. അതിനുശേഷമാണ് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഇത്രയധികം സീറ്റില്‍ വിജയിച്ചതും- പളനിസാമി പറഞ്ഞു.
പനീര്‍ സെല്‍വത്തിന്‍റെ വീടിന്‍റെ ഗൃഹപ്രവേശമായതിനാലാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ഒ. പനീര്‍ സെല്‍വവം താനും തമ്മില്‍ ശീതയുദ്ധം നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പളനിസാമി പറഞ്ഞു.