മൂന്നര മണിക്കൂർ നേരം നീണ്ട ശസ്ത്രക്രിയാക്കിടയിൽ യുവതി കൂട്ടബലാത്സംഘത്തിനിരയായതായി പരാതി
ലക്‌നൗ: ഉത്തർപ്രദേശിലെ മെഡിക്കൽ കോളജിൽ സർജറിക്കിടെ ഡോക്ടർമാർ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം. നാല് ഡോക്ടർമാർ ചേർന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ സഹോദരന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ശനിയാഴ്ചയാണ് യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് യുവതിയെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മൂന്നര മണിക്കൂർ നേരം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതിയെ പുറത്തുകൊണ്ടുവന്നത്.
യുവതി സഹോദരനോട് എന്തോ പറയാൻ ശ്രമിച്ചെങ്കിലും വേദനകാരണം അവൾക്ക് ഒന്നും പറയാനായില്ല. പിന്നീട് ഓപ്പറേഷൻ തീയേറ്ററിൽ വച്ച് താൻ കൂട്ടബലാത്സംഗത്തിനിരയായതായി യുവതി ഒരു കടലാസിൽ എഴുതി നൽകുകയായിരുന്നു. തുടർന്ന് സഹോദരൻ പൊലീസിൽ പരാതി നൽകി.
എന്നാൽ യുവതിയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു. ഓപ്പറേഷൻ തീയേറ്ററിൽ പുരുഷഡോക്ടർമാർക്കൊപ്പം സ്ത്രീഡോക്ടർമാരും ഉണ്ടായിരുന്നതായി പ്രിൻസിപ്പൽ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടർമാർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി രൂപീകരിച്ചിതായും യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. ആരോപണത്തിന് പിന്നിൽ ആശുപത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.