പത്മനാഭ സ്വാമിക്ഷേത്രത്തിനു വേണ്ടി സംസ്ഥാന സർക്കാർ ചെലവഴിച്ച തുക തിരികെ നൽകാൻ കൂടുതൽ സമയം വേണം; ക്ഷേത്ര ഭരണസമിതി

ന്യൂ ഡെൽഹി: പത്മനാഭ സ്വാമിക്ഷേത്രത്തിനു വേണ്ടി സംസ്ഥാന സർക്കാർ ചെലവഴിച്ച തുക തിരികെ നൽകാൻ കൂടുതൽ സമയം വേണമെന്ന് ക്ഷേത്ര ഭരണസമിതി. ഭരണസമിതിക്ക് വേണ്ടി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.ബാബുവാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഉൾപ്പെടെ സംസ്ഥാന സർക്കാർ ചെലവഴിച്ച 11.7 കോടി രൂപ തിരികെ നൽകണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ കൊറോണ കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലാണ് ക്ഷേത്രമെന്ന് ഭരണസമിതി സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കി. അതിനാൽ തുക കൈമാറാൻ കൂടുതൽ സമയം ആവശ്യമാണെന്നും ഭരണസമിതി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
ക്ഷേത്രത്തിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സെപ്റ്റംബറിൽ പരിഗണിക്കുമെന്നും ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഓഡിറ്റ് മാർച്ചിന് ശേഷമേ ആരംഭിക്കുയെന്ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാന്റിംഗ് കോൺസൽ ജി. പ്രകാശ് കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ മുൻ ഉത്തരവിലെ മറ്റ് എല്ലാ നിർദേശങ്ങളും നടപ്പിലാക്കിയതായും ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു.