Kerala NewsLatest NewsPoliticsUncategorized
‘ഇത് പാൽ സൊസൈറ്റിയിലേക്കുള്ള മത്സരമല്ലെന്ന്’ പരിഹസിച്ച് എ.എം ആരിഫ് എം.പി; തൊഴിലാളി വർഗത്തെയാണ് അപമാനിച്ചതെന്ന് അരിത

ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ.എം ആരിഫ് എം.പി.പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്റെ പരാമർശം. പരിഹാസം മണ്ഡലത്തിൽ എൽഡിഎഫിനെതിരെ ആയുധമാക്കി മാറ്റിയിരിക്കുകയാണ് യുഡിഎഫ്.
എൽഡിഎഫ് സ്ഥാനാർഥി പ്രതിഭയുടെ പ്രചരണാർഥം കായംകുളത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് വിവാദ പരാമർശമുണ്ടായത്. യു.ഡി.എഫ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് അരിത. പശുവിനെ വളർത്തിയും പാൽ വിറ്റും ഉപജീവനം നടത്തുന്ന അരിതയെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ അന്ന് തന്നെ വൈറലായിരുന്നു.
എ എം ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് അരിത ബാബു പറഞ്ഞു. തൊഴിലാളി വർഗത്തെയാണ് ആരിഫ് അപമാനിച്ചത്. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു.