വൈഗ വധക്കേസില്‍ കുറ്റപത്രം ഈയാഴ്ച: വിഷബിസക്കറ്റ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നത് കള്ളം
തൃക്കാക്കര: വൈഗ വധക്കേസില്‍ പിതാവ് സാനുമോഹനെതിരായ കുറ്റപത്രം പൊലീസ് ഈയാഴ്ച തന്നെ സമര്‍പ്പിക്കും. സാനുമോഹനെതിരെ സാഹചര്യ തെളിവുകള്‍ മാത്രമേയുള്ളൂ. ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നാല്പതോളം പേര്‍ സാക്ഷിപ്പട്ടികയിലുണ്ട്.
പൂനെയില്‍ ആറുകോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുംബയ് ജയിലിലാണ് ഇപ്പോള്‍ സാനു.
സാമ്ബത്തിക ബാധ്യതകളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് മകള്‍ വൈഗയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.കടക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ മകളെ കൊന്നശേഷം താന്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ത്ത് മറ്റൊരു സ്ഥലത്തുപോയി മറ്റൊരു പേരില്‍ ജീവിക്കാനായിരുന്നു പദ്ധതിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വൈഗയെ കൊന്ന ശേഷം താന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചെന്ന സാനു മോഹന്റെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഗോവയില്‍ ഹോട്ടലില്‍ വച്ച് മദ്യത്തില്‍ കലര്‍ത്തി എലിയെ കൊല്ലാനുള്ള വിഷബിസ്‌ക്കറ്റ് കഴിച്ചെന്നും പിന്നീട് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നുമായിരുന്നു സാനുവിന്റെ മൊഴി. വിഷബിസ്‌ക്കറ്റ് വാങ്ങിയതായി പറഞ്ഞ മെഡിക്കല്‍ ഷോപ്പിലും ഹോട്ടലിലും നടത്തിയ അന്വേഷണത്തിലാണ് കള്ളം പുറത്തായത്.
കൊച്ചി സിറ്റി പൊലീസാണ് വൈഗ കേസ് അന്വേഷിക്കുന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോംഗ്റെ, തൃക്കാക്കര എ.സി.പി ആര്‍.ശ്രീകുമാര്‍, തൃക്കാക്കര സി.ഐ കെ. ധനപാലന്‍ എന്നിവര്‍ക്കാണ് നേതൃത്വം.