CrimeLatest NewsNews

തമ്പാനൂർ ലോഡ്ജ് കൊലപാതകം ; പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ഭാര്യമായി പിണങ്ങിയതിന് പിന്നാലെയായിരുന്നു ഇയാള്‍ ഗായത്രിയുമായി പ്രണയത്തിലായത്.

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കാട്ടാക്കട സ്വദേശിനി ഗായത്രി കൊല്ലപ്പെട്ട കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതി പ്രവീണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2022 മാര്‍ച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ കൊല്ലം സ്വദേശി പ്രവീണും ഗായത്രിയും പ്രണയത്തിലായിരുന്നു. ഭാര്യമായി പിണങ്ങിയതിന് പിന്നാലെയായിരുന്നു ഇയാള്‍ ഗായത്രിയുമായി പ്രണയത്തിലായത്. 2021 ല്‍ വെട്ടുകാട് പള്ളിയില്‍വെച്ച് ഇയാള്‍ ഗായത്രിയെ വിവാഹം കഴിച്ചു. ഇതിനിടെ ഇയാള്‍ ഭാര്യമായി അടുക്കുകയും ഗായത്രിയെ ഒഴിവാക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇത് മനസിലാക്കിയ ഗായത്രി വിഷയം ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ ഗായത്രി വിവാഹചിത്രം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കി. ഇതോടെ ഇരുവരും തമ്മിലുള്ള വഴക്ക മുറുകി. ഇതിന് ശേഷമാണ് ഗായത്രിയെ കൊലപ്പെടുത്താന്‍ പ്രവീണ്‍ പ്ലാന്‍ തയ്യാറാക്കിയത്.

സംഭവ ദിവസം വിഷയം പറഞ്ഞ് തീര്‍ക്കാന്‍ എന്നുപറഞ്ഞ് ഗായത്രിയെ പ്രവീണ്‍ തമ്പാനൂരിലെ ഹോട്ടലിലേക്ക് വിളിച്ചു. കാട്ടാക്കടയില്‍ സ്‌കൂട്ടറില്‍ എത്തി പ്രവീണ്‍ തന്നെയാണ് ഗായത്രിയെ കൂട്ടിയത്. തുടര്‍ന്ന് തമ്പാനൂരിലെ ഹോട്ടലില്‍ എത്തിച്ചു. ഗായത്രി ധരിച്ച ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊല നടത്തിയത്. കൊലപാതകത്തിന് ശേഷം ബസില്‍ കയറി ഇയാള്‍ പറവൂരിലേക്ക് പോയി. രാത്രി 12.30 ഓടെ ഹോട്ടലില്‍ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന വിവരം അറിയിച്ചു. രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.

tag: Thampanoor Lodge murder; the accused receives a life sentence and a fine of one lakh rupees.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button