CrimeKerala NewsLatest NewsLocal NewsNews

മയക്കുമരുന്ന് കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കാന്‍ സമ്മര്‍ദം കൂടുന്നു

കരുനാഗപ്പള്ളി: മയക്കുമരുന്നിനെച്ചൊല്ലി സിപിഎമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.

സിപിഎം തൊടിയൂര്‍ സൈക്കിള്‍മുക്ക് ബ്രാഞ്ച് സെക്രട്ടറിയും തൊടിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം കരുനാഗപ്പള്ളി എരിയ സെക്രട്ടറിയുമായ സജീവ് കുറ്റിയിലിനെതിരെയാണ് പ്രവര്‍ത്തകര്‍ തിരിഞ്ഞിരിക്കുന്നത്. സജീവിന്റെ മകന്‍ തൊടിയൂര്‍ വടക്ക് കുറ്റിയില്‍ വീട്ടില്‍ സുഫിയാനെയും സുഹൃത്തുക്കളെയും കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സുഫിയാന്‍ കോളേജ് വിദ്യാര്‍ഥിയാണ്. ആലുംകടവിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപം ബോട്ട് ജട്ടിക്ക് സമീപത്തു നിന്നുമാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ വിവിധയിനം മയക്കുമരുന്നുകളുമായി നാല് പേരെ കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.ക്ലാപ്പന വരവിള തലവടികുളങ്ങര പടിഞ്ഞാറ്റതില്‍ തന്‍വീര്‍ (21), കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ പനയില്‍ അഭിലാഷ് (27), തെക്കുംഭാഗം ഞാറമൂട് കര്‍മലിഭവനില്‍ ഡോണ്‍ (21) എന്നിവരാണ് സുഫിയാനൊപ്പം പിടിയിലായത്.

ബംഗളൂരു, എറണാകുളം, ചെന്നൈ എന്നവിടങ്ങളിലെ മൊത്തക്കച്ചവടക്കാരില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം നല്‍കി സ്ത്രീകളെ ഉപയോഗിച്ചാണ് മയക്കുമരുന്നുകള്‍ കൊല്ലത്ത് എത്തിക്കുന്നത്. തുടര്‍ന്ന് പ്രതികള്‍ ആവശ്യക്കാര്‍ക്കായി വിതരണം നടത്തുന്നതായിരുന്നു രീതി. ഇതിനായി പ്രത്യേക വാട്ട്‌സാപ്പ് ടെലഗ്രാം ഗ്രൂപ്പുകള്‍ തന്നെ സജ്ജമാക്കിയിരുന്നു. കരുനാഗപ്പള്ളിയിലെ കോളേജുകളിലും സ്‌കൂളുകളിലുമുള്‍പ്പെടെ നിരവധിപേര്‍ ഇടപാടുകാരായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button