കൊടകര കുഴല്‍പ്പണക്കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂര്‍ ആണ് ഹര്‍ജി നല്‍കിയത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
സംഭവത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം നടപടി ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ടും തുടര്‍നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും സലീം മടവൂര്‍ പറഞ്ഞു. കേസില്‍ ഇന്ന് ഇഡി തങ്ങളുടെ നിലപാട് അറിയിച്ചേക്കും. നിലവില്‍ പൊലീസ്‌അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ തങ്ങളുടെ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ്
ഇഡിക്കുള്ളത്.
കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്തത്. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍. ധര്‍മ്മ രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.തൃശ്ശൂര്‍ ജില്ലാ പ്രസഡിന്റ് കെ കെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.