CovidNews

ആയിരം രൂപയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നല്‍കുന്നത് 200 രൂപയ്ക്ക്

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യത്തെ പത്ത് കോടി ഡോസുകള്‍ 200 രൂപയ്ക്ക് ഇന്ത്യയില്‍ നല്‍കുമെന്ന് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനവാലയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പ്രത്യേക തുകയ്ക്ക് വാക്സിന്‍ നല്‍കുന്നതെന്നും പൂനവാല പറഞ്ഞു. സാധാരണക്കാരെയും ദരിദ്രരെയും ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കുന്നതിന് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് 200 രൂപയ്ക്ക് വാക്സിനുകള്‍ നല്‍കുന്നത്.

അതിനു ശേഷം ഡോസിന് ആയിരം രൂപ പ്രകാരം വിപണിയില്‍ വാക്സിന്‍ ലഭ്യമാക്കുമെന്നും പൂനവാല പറഞ്ഞു.മറ്റുളളവര്‍ക്ക് ആയിരം രൂപയ്ക്കായിരിക്കും വാക്സിന്‍ വില്‍പ്പന നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.’വാക്സിന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങളുടെ സംഘം കഠിനമായി പ്രയത്നിക്കുകയായിരുന്നു. നിരവധി രാജ്യങ്ങള്‍ വാക്സിനു വേണ്ടി സമീപിച്ചിട്ടുണ്ട്.’

ആഫ്രിക്കന്‍ രാജ്യങ്ങളടക്കം വിവിധ രാജ്യങ്ങളിലേക്ക് വാക്സിന്‍ നല്‍കുന്നതിനുളള ശ്രമമാണ് നടത്തുന്നതെന്നും പൂനവാല പറഞ്ഞു.ജനുവരി 16ന് വാക്സിനേഷന്‍ ആരംഭിക്കാനിരിക്കെ ചൊവ്വാഴ്ച രാവിലെ ആദ്യത്തെ ലോഡ് വാക്സിന്‍ പൂന്നെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് രാജ്യത്തെ 13 ഇടങ്ങളിലേക്ക് അയച്ചു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് എന്ന പേരില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ഇതു കൂടാതെ ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്സിനും ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button