കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ ബാധിച്ചത് 3 ലക്ഷത്തിലധികം പേർക്ക്
ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3,11,170 പേർക്കാണ് കൊറോണ രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ സൂചിപ്പിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,890 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയർന്നിരിക്കുന്നു. 3,53,299 പേർ രോഗമുക്തരായതോടെ നിലവിൽ കൊറോണ ചികിത്സയിലുള്ളവർ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേർ കോവിഡ് രോഗത്തിൽ നിന്നും രോഗമുക്തരായി.
മെയ് 14 വരെയുള്ള ഐസിഎംആർ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സംബിളുകളാണ് കൊറോണ ടെസ്റ്റ് നടത്തിയിരിക്കുന്നത്. ഇതിൽ 16,93,093 പരിശോധനകൾ ഇന്നലെയാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേർക്ക് വാക്‌സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിൽ ഇന്നലെ 33,848 പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയിരിക്കുന്നത്. രോഗികളേക്കാൾ രോഗ മുക്തരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളിലാണ്. 59,073 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. 960 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 53,44,063. ആകെ രോഗ മുക്തി 47,67.053. ഇതുവരെയായി മഹാമാരി കവർന്നത് 80,512 ജീവനുകൾ. സംസ്ഥാനത്ത് നിലവിൽ 4,94,032 പേർ ചികിത്സയിൽ.