കൊവിഡ് വ്യാപനം കൂടുമ്പോൾ കേരളത്തില്‍ പരിശോധന കുറഞ്ഞു.

കേരളത്തിൽ കൊവിഡ് വ്യാപനം കൂടുമ്പോൾ പരിശോധന കുറയുകയാണെന്നു സർക്കാർ പത്രക്കുറിപ്പ് തന്നെ സാക്ഷ്യം പറയുന്നു. സെപ്റ്റംബര്‍ ആറിന് സംസ്ഥാനത്ത് 41,392 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 3082 പേര്‍ക്കായിരുന്നു കൊവിഡ് പോസിറ്റീവായത്. ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്ന ദിവസമായിരുന്നു അത്.
എന്നാല്‍ സെപ്റ്റംബര്‍ ഏഴിന് 20215 സാമ്പിളുകള്‍ മാത്രമായിരുന്നു പരിശോധന നടത്തിയത്. അത് കൊണ്ട് തന്നെ 1648 പേര്‍ക്ക് മാത്രമാണ്
തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിക്കാനായത്. ഞായറാഴ്ച 41,392 സാമ്പിളുകള്‍ പരിശോധിച്ച സ്ഥാനത്ത് തിങ്കളാഴ്ച 20215 സാമ്പിളുകള്‍ മാത്രമായിരുന്നു പരിശോധിച്ചത്. ഞായറാഴ്ചയെ അപേക്ഷിച്ചു തിങ്കളാഴ്ച 21177 സാമ്പിളുകളുടെ കുറവാണ് പരിശോധനയിൽ ഉണ്ടായിരിക്കുന്നത്. പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം പകുതിയാക്കിയതിനാലാണ് ദൈനംദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായത്. നാലാം തിയതി 36,310 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 2479 പേര്‍ക്ക് പോസിറ്റീവായി. മൂന്നാം തിയതി 30,342 സാമ്പിളുകളുമാണ് പരിശോധിച്ചത്. പരിശോധനകളുടെ എണ്ണം കൂടിവരുന്നത് ഈ ദിവസങ്ങളില്‍ ഉണ്ടാകുന്നതിനൊപ്പം, മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിദിനം 50000 സാമ്പിളുകള്‍ പരിശോധിക്കാനാണ് ശ്രമിക്കുന്നതെന്നും, പറഞ്ഞിരുന്നതാണ്.
ഇതിനിടെ, തിങ്കളാഴ്ച 20215 സാമ്പിളുകള്‍ മാത്രം പരിശോധന നടത്തിയതിനാൽ പരിശോധനയുടെ എണ്ണം കുറയുകയായിരുന്നു. ഞായറാഴ്ചയായിരുന്നെന്നതിനാൽ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതില്‍ പരിമിതികള്‍ ഉണ്ടായിരുന്നു എന്നാണു ഇതേപ്പറ്റി ആരോഗ്യവകുപ്പിന്റെ വിശദീകരണം. സ്വകാര്യ ലാബിലടക്കമാണ് പരിശോധന നടക്കുന്നതെന്നും അവിടെ സ്റ്റാഫുകളുടെ എണ്ണത്തിലും പരിശോധനയ്ക്കായി എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതാണ് കാരണമെന്നുമായിരുന്നു ആരോഗ്യവകുപ്പ് പറയുന്നത്.
എന്നാല്‍ മുൻപുള്ള ഞാറാഴ്ചകളിലെയും, അവധി ദിവസങ്ങളിലേയും, ടെസ്റ്റുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ ആരോഗ്യവകുപ്പിന്റെ വാദം ശരിയല്ലെന്നാണ് സർക്കാർ പത്രക്കുറിപ്പിലെ കണക്കുകൾ തന്നെ വിളിച്ചു പറയുന്നത്.
ഓഗസ്റ്റ് 23ാം തിയതി 36353 സാമ്പിളുകളായിരുന്നു പരിശോധന നടത്തിപ്പോയത്. തൊട്ടടുത്ത ദിവസം 26156 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. 10000 സാമ്പിളുകളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓഗസ്റ്റ് 15, 16 തിയ്യതികളില്‍ അവധിയായിരുന്നു. 16 ന് 30,123 സാമ്പിളുകള്‍ പരിശോധിച്ചു. അതിന് മുന്‍പത്തെ ദിവസവുമായി 2000 സാമ്പിളുകളുടെ കുറവ് മാത്രമേ വന്നിട്ടുള്ളു. ഇതിനിടെ തിരുവോണ നാളിൽ മാത്രമാണ് പരിശോധനയിൽ കുറവ് വന്നത്. അന്ന് ഏതാണ്ട് 14000 സാമ്പിളുകള്‍ മാത്രമായിരുന്നു പരിശോധിച്ചത്. തൊട്ടുമുന്‍പത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ നേര്‍പകുതിയായി പരിശോധന കുറഞ്ഞിട്ടുമില്ല. പ്രതിദിനം 50000 സാമ്പിളുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കിയ സാഹചര്യത്തില്‍ വളരെ പെട്ടെന്ന് പരിശോധനാ നിരക്ക് നേര്‍ പകുതിയായി കുറച്ചതില്‍ അസ്വാഭാവികത ഉണ്ടെന്ന വിമര്‍ശനമാണ്
ഈ അവസരത്തിൽ ഉണ്ടായിട്ടുള്ളത്. അതേസമയം, ഇക്കാര്യത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് ആരോഗ്യവകുപ്പു പറയുന്നത്.