Kerala NewsLatest NewsUncategorized
ആരോഗ്യനില വഷളായി; വാളയാറിൽ നിരാഹാരസമരം ഇരിക്കുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി

പാലക്കാട്: വാളയാറിൽ നിരാഹാരസമരം ഇരിക്കുന്ന പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി. അഞ്ച് ദിവസമായി നിരാഹാരം ഇരിക്കുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് നടപടി. ജില്ലാ ആശുപത്രിയിലേക്കാണ് ഗോമതിയെ മാറ്റിയത്. അതേസമയം അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നടപടിയെടുത്തില്ലെങ്കിൽ തലമുണ്ഡനം ചെയ്യുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാർ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് പതിനഞ്ച് ദിവസമായി സത്യഗ്രഹപ്പന്തലിലാണ് വാളയാർ പെൺകുട്ടികളുടെ അമ്മ. ജില്ലയിൽ ജനസമ്പർക്ക പരിപാടിക്കെത്തിയ മന്ത്രിമാർക്ക് നിവേദനം നൽകിയിട്ടും മറുപടി കിട്ടിയില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്നാണ് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെടുന്നത്.