പെൺകുട്ടിയുടെ നഗ്ന വീഡിയോയുമായി ബ്ലാക്ക് മെയിലിംഗ് സൈബർ സുരക്ഷാ ഉപദേശകൻ അടക്കം 4 പേർ അറസ്റ്റിൽ.

കോട്ടയം / പൊലീസിനുവേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽനിന്നു യുവാവിന്റെ വിഡിയോ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തിയ ദൃശ്യങ്ങൾ പകർത്തി കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ, പൊലീസിനുവേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉൾപ്പെടെ 4 പേർ ആണ് അറസ്റ്റിലായത്.
തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ ഹരികൃഷ്ണൻ (23), തിരുവാതുക്കൽ വേളൂർ തൈപ്പറമ്പിൽ ടി.എസ്.അരുൺ (29), പുത്തൻപുരയ്ക്കൽ അഭിജിത്ത് (21), തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ.അരുൺ അറസ്റ്റ് ചെയ്തത്.താഴത്തങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്.
പെൺകുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തിയതിൽ യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്നവിഡിയോ ഉൾപ്പടെ ഉപയോഗപ്പെടുത്തിയാണ് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചത്.
വിഡിയോ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പണം നൽകണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നു. ഭീഷണി വർധിച്ചതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകുന്നത്. ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നിർദേശത്തെ തുടർന്ന് യുവാവ് സംഘവുമായി സംസാരിക്കുകയും, രണ്ടു ലക്ഷം നേരിട്ടു കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന്പണം വാങ്ങാൻ എത്തിയ സംഘത്തെ ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടിമത ബോട്ട് ജെട്ടി റോഡിൽ സൈബർ സുരക്ഷാ സ്ഥാപനം നടത്തിവരുന്ന അരുൺ, പൊലീസ് ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും സൈബർ സുരക്ഷാ ക്ലാസുകൾ എടുത്തുകൊടുക്കാറുണ്ടെന്നതാണ് ശ്രദ്ധേയം.