ഇത്തരം ചോദ്യങ്ങൾ മേലിൽ ആവർത്തിക്കരുത്; ‘പുരുഷൻമാരെ പോലെ സ്ത്രീകൾക്കും ആഗ്രഹങ്ങളുണ്ട്,: വരലക്ഷ്മി

വിവാഹത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് നടിയും നടൻ ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. ചടങ്ങിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മാധ്യമപ്രവർത്തകൻ വിവാഹത്തെ കുറിച്ച് ചോദിച്ചത്.
എന്നാൽ ചോദ്യം ഇഷ്ടപ്പെടാത്ത വരലക്ഷ്മി ഉടൻതന്നെ ദേഷ്യപ്പെടുകയായിരുന്നു. ഇത്തരം ചോദ്യങ്ങൾ മേലിൽ ആവർത്തിക്കരുത്. പുരുഷനെ പോലെ സ്ത്രീക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ടെന്ന് വരലക്ഷ്മി ദേഷ്യത്തോടെ മാധ്യമ പ്രവർത്തകനോട് പറയുകയാണ് ഉണ്ടായത്.
”ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കരുത്. പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അത് കേവലം വിവാഹത്തിൽ മാത്രം ഒതുങ്ങുന്നതല്ല”, വരലക്ഷ്മി പറഞ്ഞു.
2012 ൽ സിമ്പു നായകനായ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയിലെത്തിയത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കസബ, മാസ്റ്റർ പീസ് തുടങ്ങി മൂന്നോളം മലയാള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.