വ്യാപനം രൂക്ഷം; ബംഗാളില്‍ മേയ് 30 വരെ ലോക്ക്ഡൗണ്‍
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബംഗാളില്‍ മേയ് 30 വരെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 16 ഞായറാഴ്ച രാവിലെ 6 മണി മുതല്‍ മേയ് 30 വൈകുന്നേരം 6 മണിവരെയാണ് ലോക്ക്ഡൗണ്‍. ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ രാവിലെ 5 മണിവരെ രാത്രി കര്‍ഫ്യുവും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.26 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,890 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. 3.53 ലക്ഷം പേര്‍ രോഗമുക്തി നേടുകയും ചെയ്തു. എന്നാല്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 36.7 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, ഗോവയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ഓക്സിജന്‍ വ്യതിയാനും മൂലമുള്ള മരണസംഖ്യ ഉയരുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ 13 രോഗികള്‍ കൂടി മരിച്ചു. മേയ് 11, 12, 14 തിയതികളിലായി 49 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. രോഗികള്‍ക്ക് വിതരണം ചെയ്യുന്ന് ഓക്സിജന്റെ സമ്മര്‍ദം കുറഞ്ഞതാണ് മരണ കാരണം.
നാലാഴ്കളായുള്ള ലോക്ക്ഡൗണ്‍ രാജ്യതലസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കുറവുണ്ടാക്കി. ഏപ്രില്‍ 10 ന് ശേഷം ആദ്യമായി കേസുകളുടെ എണ്ണം 10,000 ത്തിന് താഴെയെത്തി. ഇന്നലെ 8,506 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കാര്യമായ കുറവ് രേഖപ്പെടുത്തി. 68,575 പേരെ പരിശോധിച്ചപ്പോള്‍ ടിപിആര്‍ 12.40 ശതമാനമാണ്. 14,000 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.