ജനം ടിവി ചെയര്‍മാനായ പ്രിയദര്ശന് പറയുന്നു പൃഥ്വിരാജിനെതിരെ പറഞ്ഞത് സഭ്യമല്ല; അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്
കോഴിക്കോട്: സംഘപരിവാര്‍ നിയന്ത്രണമുള്ള ജനം ടി.വിയിലൂടെ നടന് പൃഥ്വിരാജിനെതിരെ നടത്തിയ വ്യക്തിഹത്യക്കെതിരെ പ്രതിഷേധമറിയിച്ച് ജനം ടി.വി ചെയര്മാന് കൂടിയായ സംവിധായകന് പ്രിയദര്ശന്. ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടന് പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, താന്‍ ആ സംസ്കാരത്തോട് ഒപ്പമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘ ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടന് പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ.
പൃഥിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്,’ പ്രിയദര്ശന് പറഞ്ഞു.