HealthKerala NewsLatest NewsNews

പരിയാരം മെഡിക്കൽ കോളേജ് പ്ലാസ്മ തെറാപ്പി ചികിത്സയിൽ ചുവടു വെച്ചു, 54കാരന് പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കി.

ചികിത്സാ രംഗത്ത് ഉത്തര മലബാറിൽ പുത്തൻ ചുവടു വെച്ചുകൊണ്ട് പരിയാരം മെഡിക്കൽ കോളേജിൽ, കോവിഡ് രോഗം ബാധിച്ച 54കാരന് നൂതന ചികിത്സാ സമ്പ്രദായമായ പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കി. ജൂണ്‍ 20 ന് കടുത്ത ന്യൂമോണിയയെ തുടർന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട കൂടാളി സ്വദേശിക്കാണ് ഈ ചികിത്സ നൽകിയത്. ഗള്‍ഫില്‍ നിന്ന് എത്തിയ ശേഷം പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ തുടർന്ന് സി – പാപ് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ക്ക് പിന്നീട് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടു. രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ കേരള സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെയും എത്തിക്കല്‍ കമ്മറ്റിയുടെയും അനുമതിയോടുകൂടി പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ്, കൊറോണ മെഡിക്കല്‍ ബോര്‍ഡിലെ നോഡല്‍ ഓഫീസര്‍ കൂടിയായ പ്രൊഫ. ഡോ. പ്രമോദ്, ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ ഡോ. സരോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് മെഡിക്കല്‍ ബോര്‍ഡിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ സങ്കീര്‍ണ്ണവും നൂതന ചികിത്സാ രീതിയായ പ്ലാസ്മ തെറാപ്പി രോഗിക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചാണ്
രോഗിക്ക് പ്ലാസ്മ തെറാപ്പി ചെയ്തത്. കോവിഡ് -19 രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തില്‍ ഉള്ള പ്ലാസ്മ വേര്‍തിരിച്ചു മറ്റൊരു രോഗിക്ക് നല്‍കുന്ന ചികിത്സാ രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായ ഒരാളുടെ രക്തത്തില്‍ രോഗാണുവിന് എതിരായ ആന്റിബോഡി ഉണ്ടാവും. ഈ ആന്റിബോഡികള്‍ രോഗം ബാധിച്ച രോഗിയില്‍ വൈറസിനെതിരായി പ്രവര്‍ത്തിക്കും. ശരീരത്തില്‍ ഓക്‌സിജന്റെ അളവില്‍ 84% താഴെ വരുന്ന രോഗികളെ ആണ് പ്രധാനമായും ഇതിനു വിധേയമാക്കുന്നത്. ചികിത്സയ്ക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ രോഗിയുടെയും പ്രത്യേക ശരീരാവസ്ഥകള്‍ കൂടി കണക്കിലെടുത്തു മാത്രമേ ഡോകടര്‍മാര്‍ ഈ ചികിത്സ നല്കുകയുള്ളു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button