ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യും.

ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) ബെംഗളൂരു യൂണിറ്റ് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യും. അനൂപിന് ഹോട്ടൽ തുടങ്ങാൻ നൽകിയത് 6 ലക്ഷം രൂപ മാത്രമാണെന്ന് നേരത്തേ കൊച്ചി ഇഡി യൂണിറ്റിനു നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുകയാണു ബിനീഷ്. എന്നാൽ, 50 ലക്ഷം നൽകിയെന്നാണ്, ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഉള്ള അനൂപിന്റെ മൊഴിയിൽ പറയുന്നത്. അനൂപിന്റെ മൊഴിയും, ബിനീഷിന്റെ മൊഴിയും തമ്മിലുള്ള വൈരുധ്യം ബിനീഷിനെ കുരുക്കിലാക്കി.
ശാന്തിനഗറിലെ ഇഡി ഓഫിസിൽ അഭിഭാഷകർക്കൊപ്പമെത്തിയ ബിനീഷിനെ 6 മണിക്കൂർ ആണ് ഇ ഡി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഓഫിസ് ലോഞ്ചിൽ ബിനീഷ് തളർന്നിരുന്നു. ബിനീഷിന് തുടർന്ന് ഉദ്യോഗസ്ഥർ വെള്ളം നൽകി. തുടർന്ന് വൈകിട്ട് 5.20നാണ് ബിനീഷ് ഓഫിസ് വിട്ടത്. കഴിഞ്ഞ
5 വർഷങ്ങൾക്കുള്ളിൽ അനൂപിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ 70 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്താനാണു ബിനീഷിനെ ഇഡി ആദ്യം ചോദ്യം ചെയ്തിരിക്കുന്നത്. ലഹരിമരുന്നിന്റെ വിലയായും ലഹരിമരുന്നു വാങ്ങാനുള്ള നിക്ഷേപമായും അക്കൗണ്ടിൽ പണമെത്തിയിരുന്നു. ഇതു വേർതിരിച്ചു കണ്ടെത്താനുള്ള ശ്രമമാണ് ഇ ഡി നടത്തുന്നത്.
ബെംഗളൂരുവിൽ ബിനീഷിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വന്ന ബീ ക്യാപിറ്റൽസ് ഫോറെക്സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായി. അനൂപിന്റെ സാമ്പത്തിക ഇടപാടുകൾ, കൂട്ടുകച്ചവടത്തിലെ പങ്കാളികൾ, അടുത്തബന്ധങ്ങൾ എന്നിവ സംബന്ധിച്ചു ബിനീഷ് പറഞ്ഞ കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ചോദ്യം ചെയ്യലിൽ നൽകിയ ചില മൊഴികളുടെ വിശദീകരണവും ഇഡി തേടിയിരുന്നു.