കൊറോണ വ്യാപനം: ഉത്തർപ്രദേശിലെ അഞ്ചു നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി യുടെ സ്റ്റേ
ലക്നൗ: ഉത്തർപ്രദേശിലെ അഞ്ച് നഗരങ്ങളിൽ ലോക്ഡൗൺ നടപ്പാക്കണമെന്ന അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. യുപി സർകാരിന്റെ ഹർജിയിലാണ് നടപടി. രോഗവ്യാപനം തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ സമർപിക്കാനും സുപ്രീം കോടതി നിർദേശം നൽകി. ഉത്തർപ്രദേശിലെ കൊവിഡ് സാഹര്യം സംബന്ധിച്ചുള്ള ഹർജി പരിഗണിക്കവെ ഹൈകോടതി തിങ്കളാഴ്ച യുപി സർകാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ലക്നൗ, വാരാണസി, പ്രയാഗ് രാജ്, കാൺപൂർ, ഗോരഖ്പൂർ എന്നിവിടങ്ങളിൽ സമ്ബൂർണ ലോക്സൗൺ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് സർകാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് എസ് എ ബോഡേ അധ്യക്ഷനായ ബെഞ്ച് ഹൈകോടതി ഉത്തരവ് റദ്ദാക്കുകയും രണ്ടാഴ്ച്ചക്കുള്ളിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സമർപിക്കാനും ഇടക്കാല ഉത്തരവിട്ടു.
കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ ഡെൽഹിയിൽ നിന്ന് മടങ്ങുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് ലഫ്. ഗവർണർ അനിൽ ബെജാൽ ഡെൽഹി സർകാരിനോട് ആവശ്യപ്പെട്ടു. ലോക്ഡൗൺ താല്ക്കാലികം എന്ന് വ്യക്തമാക്കിയ ഗവർണർ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ നോഡൽ ഓഫീസർമാരെ നിയമിച്ചു.
ഡെൽഹിയിലും രാജസ്ഥാനിലും ലോക്ഡൗൺ തുടരുകയാണ്, രാജസ്ഥാനിൽ മെയ് 3 വരെയാണ് നിയന്ത്രണം. പഞ്ചാബിലും ബീഹാറിലും ജമ്മു കശ്മീരിലും നിയന്ത്രണങ്ങൾ ഉണ്ട്.