സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തി; വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കും, എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തി. നേരത്തെ പ്രവചിക്കപ്പെട്ടതിൽനിന്ന് രണ്ടു ദിവസത്തിന് ശേഷമാണ് കേരളത്തിൽ കാലവർഷം എത്തിയത്.
കേരളത്തിൽ പരക്കെ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡിജി എം മോഹൻപത്ര പറഞ്ഞു. കാറ്റിന്റെ വേഗത, മഴയുടെ സ്ഥിരത, തീവ്രത, മേഘ മൂടൽ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാർഷിക-ആശ്രിത സമ്ബദ്‌വ്യവസ്ഥയിൽ നിർണായകമായ കാലവർഷത്തിൻറെ വരവ് പ്രവചിക്കുന്നത്.
അതേസമയം കാലവർഷം സംസ്ഥാനത്ത് എത്തിയതോടെ വരുന്ന അഞ്ചു ദിവസങ്ങളിൽ എട്ടു ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് നൽകിയിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.