Kerala NewsLatest NewsUncategorized

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമായി നടത്തി കൊറോണ പടർത്തരുത്: ഡോ. എസ്.എസ്. ലാൽ

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമായി നടത്തി കൊറോണ പടർത്തരുതെന്ന് കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഡോ. എസ്.എസ്. ലാൽ.ആഘോഷമായി നടത്തുന്നത് ജനവിരുദ്ധമാണെന്നും സംസ്ഥാനത്ത് ഭരണമാണ് വേണ്ടതെന്നും അതിന് ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് വേണ്ടതെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൊറോണ രോഗം വ്യാപകമായി പടർന്ന് എല്ലായിടത്തും മരണങ്ങൾ സംഭവിക്കുകയാണ്. നാട്ടുകാരോടാണ് സർക്കാരിന് കടപ്പാടെങ്കിൽ ആഘോഷ ആഭാസത്തിന് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ

സത്യപ്രതിജ്ഞ നടത്തി രോഗം പടർത്തരുത്

സംസ്ഥാനത്തെ ഭരണ സ്തംഭനം പരിഹരിക്കാൻ എത്രയും വേഗം പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യണം. ഭരണമാണ് വേണ്ടത്. അതിന് ലളിതമായ സത്യപ്രതിജ്ഞയാണ് വേണ്ടത്. രോഗം പടർത്തുന്ന ആഘോഷമല്ല.

സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ ആഘോഷമായി നടത്തരുത്. അതിനുള്ള ശ്രമങ്ങൾ ജനവിരുദ്ധമാണ്. കൊവിഡ് രോഗം വ്യാപകമായി പടർന്ന് എല്ലായിടത്തും മരണങ്ങൾ സംഭവിക്കുകയാണ്. ചികിത്സയ്ക്ക് ഐ.സി. യൂണിറ്റ് പോയിട്ട് കട്ടിൽ പോലും ഇല്ലാത്ത അവസ്ഥയാണ്. ഇനിയും രോഗികൾ ഉണ്ടായാൽ ആശുപത്രിയിൽ കയറാനാകാതെ വഴിയിൽ കിടന്ന് നമ്മൾ മരിച്ചെന്നു വരും.

തൊഴിലില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങൾ പട്ടിണിയാലാണ്. മരിച്ചവരുടെ ശരീരവുമായി ബന്ധുക്കൾ ശ്മശാനങ്ങളിൽ കാത്തു നിൽക്കുകയാണ്. കേരളം ഒരു മരണ വീടാണ്. ഇവിടെ ആഘോഷം നടത്തരുത്.

സാംസ്കാരിക സാഹിത്യ നായകരെ ഇരുത്താൻ അവിടെ കസേര ഒരുക്കിയിട്ടുണ്ടെന്ന് വാർത്തയിൽ കണ്ടു. ഈ നായകർക്ക് കടപ്പാട് അവരെ വളർത്തുന്ന നാട്ടുകാരോടാണെങ്കിൽ ഈ ആഘോഷ ആഭാസത്തിന് കൂട്ടുനിൽക്കരുത്. അഥവാ കൂട്ടുനിന്ന് രോഗവ്യാപനം ഉണ്ടാക്കിയാൽ പിന്നീട് മരിച്ചവരുടെ പേരിൽ കവിതയും കഥയും എഴുതി കരയാനും വായിച്ചു കേൾപ്പിക്കാനും വരരുത്.

അമ്മാവന് അടുപ്പിലും ആകാം എന്നത് ഈ കാലഘട്ടത്തിലെ കേരളത്തിന് ദൂഷണമല്ല. മുഖ്യമന്ത്രി തീരുമാനം തിരുത്തണം.
ഡോ: എസ്. എസ്. ലാൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button